Connect with us

Kerala

കത്തിച്ചാമ്പലായി വസ്ത്ര ഗോഡൗണ്‍; തീയണക്കല്‍ മൂന്നാം മണിക്കൂറിൽ

മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ഫയര്‍ യൂനിറ്റുകളെത്തി

Published

|

Last Updated

കോഴിക്കോട് | തുടർച്ചയായി മൂന്ന് മണിക്കൂറിലേറെ കത്തിക്കൊണ്ടിരിക്കുന്ന കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ മൂന്ന് നില കെട്ടിടം പൂര്‍ണമായും നശിക്കുന്നു. രണ്ടാം നിലയിലെ കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് വസ്ത്ര ഗോഡൗണ്‍ കത്തിച്ചാമ്പലായി. വൈകിട്ട് അഞ്ചിന് തുടങ്ങിയ തീപ്പിടിത്തം ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി അഗ്നിശമന യൂനിറ്റുകളാണ് തീയണക്കാന്‍ കിണഞ്ഞുശ്രമിക്കുന്നത്. മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ തീവ്രയത്‌നത്തിലാണ് അഗ്നിരക്ഷാസേന. ആദ്യം രണ്ടാം നിലയിലാണ് തീ പിടിച്ചതെങ്കിലും വൈകാതെ ആളിക്കത്തി കെട്ടിടത്തിന്റെ മൂന്ന് നിലകളെയും മൂടി.

മണിക്കൂറുകളായി നഗരം തീപ്പിടിത്തത്തിലാണ്ടതിനാല്‍ രൂക്ഷമായ പുകയാണ് പ്രദേശത്തെങ്ങും. സമീപത്തുനിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വന്‍ അഗ്നിബാധയായതിനാല്‍ അഗ്നിശമനസേനാംഗങ്ങള്‍ക്കല്ലാതെ പരിസരത്തേക്ക് പ്രവേശനമില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഫയര്‍ യൂനിറ്റും തീയണക്കാനെത്തി.

മലബാറിലെ എല്ലാ ജില്ലകളില്‍ നിന്നും ഫയര്‍ യൂനിറ്റുകളും തീ അണക്കാന്‍ രംഗത്തുണ്ട്. വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡ് പരിസരത്തെ റോഡുകളിൽ പ്രവേശനം വിലക്കി. തീ ആളിപ്പടരാതിരിക്കാൻ പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചിരിക്കുകയാണ്.

Latest