Connect with us

National

ചിന്നസ്വാമിയിൽ സിക്‌സർ മഴ, ബെംഗളൂരു പ്ലേ ഓഫിൽ റോയൽ റൊമാരിയോ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ജയം രണ്ട് റൺസിന്

Published

|

Last Updated

ബെംഗളൂരു | മഴയെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരം ഉപേക്ഷിക്കുമെന്ന ആശങ്കകൾ കാറ്റിൽ പറത്തി ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിക്‌സർ മഴ പെയ്യിച്ച് ബെംഗളൂരു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ബെംഗളൂരുവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസിന്റെ കൂറ്റൻ സ്‌കോറാണ് ബെംഗളൂരു പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിൽ അവസാനം വരെ പൊരുതിക്കളിച്ച ചെന്നൈ അഞ്ച് വിക്കറ്റിന് 211ൽ വീണു. രണ്ട് റൺസിനാണ് ബെംഗളൂരുവിന്റെ ജയം. ഇതോടെ 16 പോയിന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു മാറി.
മറുപടി ബാറ്റിംഗിൽ ചെന്നൈ ഓപണർ ആയുഷ് മെഹ്ത്ര യും രവീന്ദ്ര ജഡേജയും പൊരുതിയെങ്കിലും ജയം കൈവിടുകയായിരുന്നു. ആയുൽ് മെഹ്ത്ര സെഞ്ച്വറിക്കരികെ വീണു. 48 പന്തിൽ അഞ്ച് സിക്സും ഒന്പത് ഫോറുമടക്കം 94 റൺസെടുത്ത് നിൽക്കവെ ലുംഗി എൻഗിഡിയുടെ പന്തിൽ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തുകയായിരുന്നു. 45 പന്തിൽ 77 റൺസുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.

തുടക്കം തകർത്തു
ഓപണർമാരായ വിരാട് കോലിയും ജേക്കബ് ബെതേലും അർധ ശതകത്തോടെ തിളങ്ങി. ഖലീൽ അഹ്്മദാണ് ആദ്യ ഓവർ എറിഞ്ഞത്. ഹാട്രിക് ഫോറുകളടക്കം 13 റൺസാണ് ഖലീൽ വഴങ്ങിയത്.
ആറ് ഓവർ അവസാനിച്ചപ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 71 റൺസ് എന്ന നിലയിലായിരുന്നു ബെംഗളൂരു. എട്ടാം ഓവറിലെ രണ്ടാം പന്തിൽ ബെതേൽ അർധ ശതകം 28 പന്തുകളിൽ നിന്നായിരുന്നു ഇത്. പത്താം ഓവറിലെ അഞ്ചാമത്തെ പന്തിൽ ബെതേലിനെ (55) പുറത്താക്കി മതീഷ പതിരാന ചെന്നൈക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. ആദ്യ വിക്കറ്റ് തെറിക്കുമ്പോൾ ബെംഗളൂരുവിന്റെ ടോട്ടൽ 97ലെത്തിയിരുന്നു. 10.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. പിന്നാലെ 29 പന്തിൽ നിന്ന് കോലിയുടെ അർധ ശതകം. 12ാം ഓവറിന്റെ അവസാന പന്തിൽ സാം കറൻ കോലിയെ ഖലീൽ അഹ്്മദിന്റെ കൈകളിലെത്തിച്ചു. 33 പന്തിൽ 62 റൺസുമായാണ് കോലി ഡഗൗട്ടിലേക്ക് മടങ്ങിയത്.
പിന്നീട് വന്ന ദേവ്ദത്ത് പടിക്കൽ (17), ജിതേഷ് ശർമ (ഏഴ്) ക്യാപ്റ്റൻ രജത് പാട്ടീദാർ (11) എന്നിവർക്ക് അധിക സമയം പിടിച്ചുനിൽക്കാനായില്ല. 18 ഓവറുകൾ പൂർത്തിയായപ്പോൾ സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. ഈ സമയത്ത് അഞ്ച് വിക്കറ്റിന് 159 എന്ന് നിലയിലായിരുന്നു.

എന്നാൽ ഖലീൽ അഹ്്മദ് എറിഞ്ഞ 19ാം ഓവറിൽ റൺമഴ പെയ്തു. നാല് സിക്‌സറുകളും രണ്ട് ഫോറുകളും സഹിതം 33 റൺസാണ് റൊമാരിയോ ഷെപ്പേർഡ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ രണ്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും കൂടി പറത്തിയ ഷെപ്പേർഡ് 14 പന്തിൽ അർധ ശതകം നേടി. 14 പന്തിൽ 65 റൺസുമായി ഷെപ്പേർഡ് പുറത്താകാതെ നിന്നു. മൂന്ന് ഓവറിൽ 65 റൺസാണ് ഖലീൽ അഹ്്മദ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനുമായില്ല.
ചെന്നൈക്കായി മതീഷ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തി.

Latest