International
സിറിയയിലെ ദേശീയ മ്യൂസിയത്തില്‍ നിന്ന് ആറ് പുരാതന പ്രതിമകള്‍ കവര്‍ന്നു
സിറിയയുടെ പുരാവസ്തു, കലാ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ശേഖര കേന്ദ്രം കൂടിയായ മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്.
ദമാസ്‌കസ് | മിഡില്‍ ഈസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന സാംസ്‌കാരിക മ്യൂസിയമായ ദമാസ്‌കസിലെ ദേശീയ മ്യൂസിയത്തില്‍ നിന്ന് ആറ് പുരാതന പ്രതിമകള്‍ മോഷണം പോയി. സിറിയയുടെ പുരാവസ്തു, കലാ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ശേഖര കേന്ദ്രം കൂടിയായ മ്യൂസിയത്തിലാണ് കവര്‍ച്ച നടന്നത്.
ഗ്ലാസ് ഡിസ്‌പ്ലേ തകര്‍ത്താണ് കെട്ടിടത്തിനുള്ളില്‍ നിന്നും വസ്തുക്കള്‍ കടത്തിയത്. മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുന്നതിനും നഷ്ടപ്പെട്ട പുരാവസ്തുക്കള്‍ വീണ്ടെടുക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും സംഭവത്തിന്റെ സാഹചര്യങ്ങള്‍ നിര്‍ണയിക്കാന്‍ സുരക്ഷാ ഡ്യൂട്ടിയിലെ ഗാര്‍ഡുകളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തുവരികയാണെന്നും ആഭ്യന്തര സുരക്ഷാ മേധാവി ഒസാമ മുഹമ്മദ് ഖൈര്‍ അത്‌കെ പറഞ്ഞു.
1919 ല്‍ സ്ഥാപിതമായ നാഷണല്‍ മ്യൂസിയം, രാജ്യത്തിന്റെ ആഭ്യന്തര യുദ്ധത്തിന്റെ തുടക്കത്തില്‍ 2012 ല്‍ അടച്ചു. 2018 ല്‍ ഭാഗികമായി തുറന്നെങ്കിലും 2025 ജനുവരിയിലാണ് പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിച്ചത്.


