Poem
അന്നുമുതലാണ് തലയോട്ടികൾ ചിരിക്കാൻ തുടങ്ങിയത്
വിസ്മയത്താൽ നക്ഷത്രങ്ങൾ കണ്ണുചിമ്മാതായി അപ്പോഴും കണ്ണീർ ഒഴുകിയ കവിളുകൾ കരച്ചിലോർമകൾ തുടർന്നു.

രാജ്യത്ത് കൽപ്പനയായിരുന്നു
മരിച്ചാൽ അവരനുഭവിച്ച ജീവിതം
ശിലാപാളികളിൽ മുദ്രിതമാകണമെന്ന്.
ശിലാലിഖിതങ്ങളിൽ നിറയാൻ കറുത്തവരും
വെളുത്തവരും കണ്ടാൽ അറിയാത്തവരും
സങ്കടപ്പുഴ മുറിച്ച് ജീവിതത്തോണി തുഴഞ്ഞു.
എല്ലാ ശവങ്ങളും അടക്കപ്പെട്ടു.
അടക്കുകാരും, കല്ലെഴുത്തുകാരും, ഉളിമൂർച്ചയേറ്റുന്നവരും
ജീവിതം പൊലിപ്പിച്ചു.
പരമദരിദ്രരിൽ ദരിദ്രൻ ആ നാളിലാണ് ചത്തത്.
കല്ലെഴുതണോ വേണ്ടയോ തർക്കം തുടർന്നു.
കല്ലെഴുതിയും നോവിക്കണേയെന്ന് ചിലർ.
വഴിയേ നടക്കാത്തവൻ, ഇവനൊരു ധിക്കാരി!
നാലാൾ അറിയട്ടെ, നാടും നാടുവാഴിയും.
ആരും ആ വഴി നടക്കരുതല്ലോ….!
എഴുത്തു തുടങ്ങി, കല്ല് തികയുന്നില്ല;
പുതിയത്, വീണ്ടും പുതിയത്.
എത്ര കല്ലുകൾ? എത്ര ഉളിമൂർച്ചകൾ….!
അപ്പോഴും ചത്തവന്റെ കണ്ണ് സങ്കടം പറച്ചിൽ നിർത്തിയതേയില്ല.
കിളികൾ പകലത്തെ പാട്ട് നിർത്തി.
വിസ്മയത്താൽ നക്ഷത്രങ്ങൾ കണ്ണുചിമ്മാതായി
അപ്പോഴും കണ്ണീർ ഒഴുകിയ
കവിളുകൾ കരച്ചിലോർമകൾ തുടർന്നു.
കറുത്തു പോയതിന്റെ,
ദരിദ്രനായതിന്റെ,
നേര് പറഞ്ഞതിന്റെ,
വഴിവെട്ടി നടന്നതിന്റെ,
സമ്മാനമായ സങ്കടത്തിന്റെ
കണക്ക് തീരുന്നതേയില്ല…
തൊലിയടർന്ന്
മേനി അളിഞ്ഞ്
അസ്ഥികൾ ഊർന്ന്
വെളുക്കെ ചിരിക്കാമെന്നായി
അപ്പോഴാണ് സങ്കട പാച്ചിൽ നിന്നത്.
അന്നുമുതലാണ് തലയോട്ടികൾ
ചിരിക്കാൻ തുടങ്ങിയത്.