Connect with us

Kerala

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; മരുതോങ്കരയില്‍ ഉരുള്‍പൊട്ടി

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം, ഈങ്ങാപ്പുഴ ടൗണ്‍ വെള്ളത്തില്‍

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ അതിശക്തമായ മഴതുടരുന്നതിനിടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതിനാല്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു സമീപത്തെ കടന്തറപ്പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ എട്ടു കുടുംബങ്ങളെ മാറിപ്പാര്‍പ്പിച്ചു.

ഇവിടെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തൊട്ടില്‍പ്പാലം-മുള്ളങ്കുന്ന് റോഡും പ്രദേശവും വെള്ളത്തിന് അടിയിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഈങ്ങാപ്പുഴ ടൗണ്‍ വെള്ളത്തിലായി. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

മഴ ശക്തമായ സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.