editorial
നടപ്പാതകള്‍ പരസ്യ ബോര്‍ഡുകള്‍ക്കല്ല
നടപ്പാത കൈയേറി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല, അത് നടപ്പാക്കുന്നതിലെ വീഴ്ചയും അനാസ്ഥയുമാണ് പ്രശ്‌നം.
നടപ്പാതകളിലെ പരസ്യ ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി പിന്നെയും രംഗത്തെത്തിയിരിക്കുന്നു. പരസ്യ ബോര്‍ഡുകളും കൊടികളും സ്ഥാപിക്കാനാണെങ്കില്‍ നടപ്പാതകള്‍ അടച്ചുപൂട്ടുകയാണ് നല്ലതെന്നാണ് കോടതിയുടെ പക്ഷം. തിരുവനന്തപുരം നഗരത്തിലെ നടപ്പാതകളില്‍ കാല്‍നടയാത്രക്ക് പറ്റാത്ത വിധം പരസ്യങ്ങളും കൊടികളുമാണെന്ന അമിക്കസ്‌ക്യൂറിയുടെ റിപോര്‍ട്ടിന്മേലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശം.
കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് കോടതി നിരന്തരം പറയുമ്പോഴും പരസ്യ ബോര്‍ഡുകള്‍ നടപ്പാതകള്‍ കൈയടക്കുന്നതില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രോഷം പ്രകടിപ്പിച്ചു. നവകേരളം കടലാസില്‍ മാത്രം പോരാ, പൗരന്മാരുടെ മനോഭാവത്തിലും പ്രകടമാകണമെന്നും കോടതി ഉണര്‍ത്തി.
തിരുവനന്തപുരം നഗരത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. സംസ്ഥാനത്ത് നഗരങ്ങളിലുടനീളം പൊതുനിരത്തുകളോട് അനുബന്ധിച്ചുള്ള നടപ്പാതകള്‍ പരസ്യ ബോര്‍ഡുകളും കച്ചവടക്കാരുടെ സൂചനാ ബോര്‍ഡുകളും വിവിധ സംഘടനകളുടെ കൊടി തോരണങ്ങളും കൈയടക്കിയിരിക്കുകയാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയോടനുബന്ധിച്ച് ബന്ധപ്പെട്ടവരുടെ അനുമതിയോടെയും മാര്‍ഗതടസ്സമുണ്ടാക്കാതെയും താത്കാലികമായി കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവാദമുണ്ട്. ഈ ആനുകൂല്യത്തിന്റെ മറവിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉത്സവ നടത്തിപ്പുകാരും നടപ്പാത കൈയേറി പരസ്യങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത്.
കാല്‍നട യാത്രികര്‍ക്ക് സുരക്ഷിതമായി നടക്കാനുള്ളതാണ് നടപ്പാത. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണിത്. ഈ അവകാശത്തിന്മേലുള്ള കൈയേറ്റമാണ് പരസ്യബോര്‍ഡുകള്‍. നടപ്പാതകളില്‍ യാത്ര ചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ നിരത്തുകളിലിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തുകളിലെ കാല്‍നടയാത്ര അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുക സ്വാഭാവികം. റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ നല്ലൊരു പങ്കും കാല്‍നട യാത്രക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
“ദൃശ്യ മലിനീകരണ’വും സുരക്ഷിതവും ശുദ്ധവുമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ ലംഘനവുമാണ് നിരത്തുകളിലെ അനധികൃത പരസ്യങ്ങളെന്ന് 2025 മാര്‍ച്ച് 13ന് ഒരു ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ബോര്‍ഡുകള്‍ കണ്ടെത്താന്‍ ജില്ലകള്‍ തോറും പ്രത്യേക സ്‌ക്വാഡുകള്‍, നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ഫോട്ടോ സഹിതം പരാതിപ്പെടാന്‍ മെബൈല്‍ ആപ്പുകള്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങളും മുന്‍വെച്ചിട്ടുണ്ട് കോടതി. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ബോംബെ ഹൈക്കോടതി (2025 ഏപ്രില്‍ 15), ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് (2025 ജനുവരി 16), മദ്രാസ് ഹൈക്കോടതി (2025 ആഗസ്റ്റ് 12) തുടങ്ങിയ നീതിപീഠങ്ങളും നടപ്പാതകളിലെ പരസ്യങ്ങള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കാല്‍നട യാത്രക്ക് പ്രയാസം സൃഷ്ടിക്കുന്നതിനു പുറമെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുകയും റോഡപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു നടപ്പാതയിലെയും നഗരവീഥികളിലെയും പരസ്യങ്ങള്‍. കാറ്റിലും മഴയിലും പരസ്യബോര്‍ഡുകള്‍ നിലംപൊത്തി വഴിയാത്രക്കാര്‍ക്ക് പരുക്കേറ്റ സംഭവങ്ങള്‍ നിരവധിയാണ്. കൊടി തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിച്ച കയര്‍ ബൈക്ക് യാത്രക്കാരന്റെ കഴുത്തില്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെട്ട സംഭവവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. പൊതുനിരത്തില്‍ അപകടകരമായ എന്തെങ്കിലും സ്ഥാപിക്കുന്നത് കുറ്റകരമായ നരഹത്യയായി കാണേണ്ടി വരുമെന്ന് കോടതിക്ക് പറയേണ്ടി വന്നതിന്റെ സാഹചര്യമിതൊക്കെയാണ്.
നടപ്പാത കൈയേറി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നിയമങ്ങള്‍ നിലവിലുണ്ട്. നിയമത്തിന്റെ അപര്യാപ്തതയല്ല, അത് നടപ്പാക്കുന്നതിലെ വീഴ്ചയും അനാസ്ഥയുമാണ് പ്രശ്‌നം. നിയമം നടപ്പാക്കേണ്ട തദ്ദേശ സ്ഥാപന-പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങി നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് റോഡുകളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി രംഗത്തിറങ്ങി. എന്നാല്‍ വന്‍കിടക്കാരുടെ പരസ്യ ബോര്‍ഡുകളില്‍ കൈവെച്ചതോടെ ഉദ്യോഗസ്ഥരുടെ കൈപൊള്ളി. അവര്‍ക്ക് യജ്ഞത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. നിയമം നടപ്പാക്കാന്‍ കോടതി വാളെടുക്കേണ്ടി വരുന്നത് ഭരണ സംവിധാനത്തിന്റെ പരാജയമാണ്. നഗരങ്ങളുടെ പുരോഗതിയും ഭരണമികവും വിലയിരുത്തപ്പെടുന്നത് സുരക്ഷിതമായി നടക്കാന്‍ പറ്റുന്ന നടപ്പാതകളുടെയും വഴികളുടെയും ഗുണമേന്മയെ ആധാരമാക്കി കൂടിയാണെന്ന കാര്യം ഉത്തരവാദപ്പെട്ടവര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
കോടതി ഉത്തരവുകള്‍ കൊണ്ടോ നിയമ നിര്‍മാണങ്ങള്‍ കൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നം. രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്. റോഡരികില്‍ ബോര്‍ഡുകള്‍ നിരത്തിയും കൊടി തോരണങ്ങള്‍ തൂക്കിയുമാണ് ശക്തി തെളിയിക്കേണ്ടതെന്ന ധാരണ സംഘടനാ നേതൃത്വങ്ങള്‍ തിരുത്തണം. നിയമ വിധേയമായി സ്ഥാപിച്ച സമ്മേളന ബോര്‍ഡുകളും മറ്റും, പരിപാടി കഴിഞ്ഞ അടുത്ത ദിവസം എടുത്തുമാറ്റുകയും വേണം. പരിപാടി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്ത ബോര്‍ഡുകള്‍ കാണപ്പെടാറുണ്ട് പലയിടങ്ങളിലും.
സമൂഹത്തിനുമുണ്ട് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പരാതിപ്പെടാനും പൊതുചര്‍ച്ചകള്‍ സജീവമാക്കാനും സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്.


