Connect with us

Kuwait

ജലീബ് അൽ ശുവൈക് പ്രദേശത്തെ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ

പ്രദേശത്തിന് മുഴുവൻ അപകട ഭീഷണി ഉയർത്തുന്ന തരത്തിലായിരുന്നു ഇവിടെ പാചക ഗ്യാസ് സിലിൻഡറുകൾ സംഭരിച്ചു വെച്ചിരുന്നതെന്ന് തലസ്ഥാന ഗവർണറേറ്റ് എമർജൻസി വിഭാഗം തലവൻ ഹമീദ് അൽ ദഫീരി വ്യക്തമാക്കി.

Published

|

Last Updated

കുവൈത്ത് സിറ്റി | ജിലീബ് ശുവൈഖ് ഹസാവി പ്രദേശത്തെ വീട്ടിൽ കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്നതും  കൗതുകം ജനിപ്പിക്കുന്നതുമായ നിരവധി കാഴ്ചകൾ. ചെറിയൊരു കെട്ടിടം കേന്ദ്രീകരിച്ചു ഷോപ്പിംഗ് കോമ്പ്ലക്സിനു സമാനമായ തരത്തിലായിരുന്നു ഇവിടെ ബംഗ്ലാദേശികളുടെ നേതൃത്വത്തിൽ  അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങൾ നടന്നുവന്നത്.

റേഷൻ ഉൽപ്പന്നങ്ങൾ കവറുകൾ മാറ്റി പാക്ക് ചെയ്യാനും അവയുടെ സംഭരണത്തിനുമായിരുന്നു വീട്ടിലെ ഒരു മുറി നീക്കിവെച്ചത്. അരി, പഞ്ചസാര, പാൽപൊടി മുതലായ റേഷൻ ഉൽപ്പന്നങ്ങൾ  പ്രമുഖ ബ്രാന്റുകളുടെ പാക്കുകളിലാക്കിയായിരുന്നു സൂക്ഷിച്ചത്. വാഹനങ്ങളുടെ സ്പെയർ പാർട്സ്, പലചരക്കുകട, ചായക്കട, പാചക ഗ്യാസ് കട എന്നിവക്കൊപ്പം ഒരു ബാർബർ ഷോപ്പ് കൂടി  ഇതേ വീട്ടിൽ പ്രവർത്തിച്ചു വരികയായിരുന്നു.

പ്രദേശത്തിന് മുഴുവൻ അപകട ഭീഷണി ഉയർത്തുന്ന തരത്തിലായിരുന്നു ഇവിടെ പാചക ഗ്യാസ് സിലിൻഡറുകൾ സംഭരിച്ചു വെച്ചിരുന്നതെന്ന് തലസ്ഥാന ഗവർണറേറ്റ് എമർജൻസി വിഭാഗം തലവൻ ഹമീദ് അൽ ദഫീരി വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ രാത്രിയിലാണ് പ്രദേശത്തെ കെട്ടിടത്തിൽ അധികൃതർ റെയ്ഡ് നടത്തിയത്. ഇതേ തുടർന്ന് പിടിയിലായ 11 ബംഗ്ലാദേശിപൗരന്മാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.

ഇബ്രാഹിം വെണ്ണിയോട്