Connect with us

Kerala

മികച്ച വിദ്യാഭ്യാസ പ്രവർത്തകന് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു

 safeduaward@gmail.com എന്ന മെയിലിലേക്ക് ആഗസ്ത് അഞ്ചിന് മുമ്പ് അപേക്ഷിക്കാം

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെച്ച് വ്യത്യസ്തമായ രീതിയിൽ  സംഭാവനകൾ ചെയ്ത വ്യക്തിക്ക് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ അവാർഡ് നൽകുന്നു. ശൈഖ് അബൂബക്കർ ലുറേറ്റ് അവാർഡ് ഫോർ എജ്യുകേഷണൽ എക്സലൻസ് എന്ന പേരിലാണ് അവാർഡ് ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ ശാശ്വതവും വിപ്ലവകരവുമായ സംഭാവനകൾ നൽകിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായാണ് അവാർഡ്.

പഠന ആവാസ വ്യവസ്ഥയെ പുനർരൂപകൽപ്പന ചെയ്യുകയും വിദ്യാഭ്യാസ അസമത്വങ്ങളെ ധൈര്യത്തോടും ബോധ്യത്തോടും കൂടി അഭിസംബോധന ചെയ്യുകയും ചെയ്ത അധ്യാപകർ, പരിഷ്കർത്താക്കൾ, ദർശകർ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.  അധ്യാപനത്തിലൂടെയോ ഗവേഷണത്തിലൂടെയോ നേതൃത്വത്തിലൂടെയോ നയപരമായ ഇടപെടലുകളിലൂടെയോ അല്ലെങ്കിൽ താഴെത്തട്ടിലുള്ള ഇടപെടലുകളിലൂടെയോ വിദ്യാഭ്യാസ മേഖലയിലെ സേവനം, സർഗാത്മകത, സാമൂഹിക സ്വാധീനം എന്നിവയുടെ ഉയർന്ന ആദർശങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികളെ ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

അവാർഡിന് അപേക്ഷിക്കുന്നവർ അവരുടെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ വിശദമാക്കുന്ന അഞ്ച് മിനുട്ടിൽ കവിയാത്ത വീഡിയോ, നാല് എ ഫോറിൽ കവിയാത്ത റിപോർട്ട്, റഫറൻസ് എന്നിവ  safeduaward@gmail.com എന്ന മെയിലിലേക്ക് ആഗസ്ത് അഞ്ചിന് മുമ്പ് അയക്കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയിൽ വ്യത്യസ്തമായ സേവനങ്ങൾ കാഴ്ചവെച്ചവർക്ക് നേരിട്ടോ മറ്റുള്ളവർക്ക് നോമിനേറ്റ് ചെയ്യുകയോ ആവാം. എൻട്രികളിൽ പ്രത്യേക ജൂറിയാണ് അവാർഡിന് അർഹരായവരെ തെരെഞ്ഞെടുക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്ക് സഹായകരമാകുന്ന വിവിധ പദ്ധതികളാണ് ശൈഖ് അബുബക്കർ ഫൗണ്ടേഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ സിവിൽ സർവീസ്, സി എ, സി എം എ, നിയമം, ഗവേഷണം, ടെക്നോളജി, മെഡിസിൻ എൻജിനീയറിംഗ്  തുടങ്ങിയ മേഖലയിൽ നിരവധി വിദ്യാർഥികൾക്ക് ശൈഖ് അബൂബക്കർ  ഫൗണ്ടേഷന്  കീഴിൽ മെൻ്റർഷിപ്പും സ്കോളർഷിപ്പും നൽകിവരുന്നുണ്ട്.

Latest