Connect with us

Oman

ഷാര്‍ജ-മസ്‌കത്ത് ബസ് സര്‍വീസ് ചൊവ്വാഴ്ച മുതല്‍

ഷാര്‍ജയില്‍ നിന്നും മസ്‌കത്തില്‍ നിന്നും പ്രതിദിനം രണ്ട് വീതം സര്‍വീസുകള്‍ ആണ് ഉണ്ടാകുക.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയെയും മസ്‌കത്തിനെയും ബന്ധിപ്പിക്കുന്ന യു എ ഇ-ഒമാന്‍ പുതിയ ബസ് സര്‍വീസ് ഫെബ്രുവരി 27 ന് ആരംഭിക്കുമെന്ന് ഒമാന്‍ പൊതുഗതാഗത സ്ഥാപനം മുവാസലാത്ത് അറിയിച്ചു. ഷിനാസ് വഴിയാണ് യാത്ര. ഷാര്‍ജയില്‍ നിന്നും മസ്‌കത്തില്‍ നിന്നും പ്രതിദിനം രണ്ട് വീതം സര്‍വീസുകള്‍ ആണ് ഉണ്ടാകുക.

ഷാര്‍ജയില്‍ നിന്നുള്ള ആദ്യ ബസ് അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30 ന് മസ്‌കത്ത് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാര്‍ജയില്‍ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കത്തില്‍ എത്തും.

മസ്‌കത്തില്‍ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തേത് മസ്‌കത്തില്‍ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലര്‍ച്ചെ 1.10ന് ഷാര്‍ജ ബസ് സ്റ്റേഷനിലെത്തും.

ബസ് സര്‍വീസ് സംബന്ധമായി ഒമാനിലെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ മുവാസലാത്തും ഷാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും നേരത്തെ കരാര്‍ ഒപ്പുവച്ചിരുന്നു. ചെക്ക്-ഇന്‍ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി ഏഴു കിലോയും കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം) മുതല്‍ 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) വരെയാണ് നിരക്ക്.