Kerala
64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തൃശൂരില്‍
ഇന്ന് രാവിലെ 10 മണി മുതല്‍ മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തൃശൂര്‍| 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ തൃശൂരില്‍ ആരംഭിക്കും. സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മണി മുതല്‍ മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 12 മണിയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആദ്യ സംഘത്തിന് സ്വീകരണം നല്‍കും. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സഞ്ചരിച്ച് സ്വര്‍ണക്കപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃശൂര്‍ നഗരത്തിലെത്തും. തുടര്‍ന്ന് കലോത്സവത്തിന്റെ വരവറിയിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുമുണ്ടാകും..
25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ പ്രധാന വേദി സംഘാടകര്‍ക്ക് കൈമാറി. സുരക്ഷയ്ക്കായി10 എസ്‌ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്‌സികളും സര്‍വീസ് നടത്തും.
ഇപ്രാവശ്യവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ഊട്ടുപുരയില്‍ പാലുകാച്ചും. 25000ത്തിലധികം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്.



