Uae
ഷാര്‍ജയില്‍ എയര്‍ ടാക്സി, കാര്‍ഗോ സേവനം; സാധ്യതാ പഠനത്തിന് അനുമതി
വ്യോമയാന രംഗത്ത് മേഖലയിലെ പ്രധാന കേന്ദ്രമായി ഷാര്‍ജയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഷാര്‍ജ | വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള എയര്‍ ടാക്സി, കാര്‍ഗോ സേവനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനായി ഷാര്‍ജയില്‍ സാധ്യത പഠനം നടത്താന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കി. വ്യോമയാന രംഗത്ത് മേഖലയിലെ പ്രധാന കേന്ദ്രമായി ഷാര്‍ജയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഷാര്‍ജ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഭാവി സാങ്കേതികവിദ്യകളും സുസ്ഥിര ഗതാഗത സംവിധാനങ്ങളും പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താനും നൂതന ഗതാഗത പശ്ചാത്തലം വികസിപ്പിക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് കൗണ്‍സില്‍ അറിയിച്ചു. സുസ്ഥിരമായ ഇന്ധനങ്ങളും ആധുനിക സംവിധാനങ്ങളും ഉപയോഗിക്കുന്ന എയര്‍ ടാക്‌സികള്‍ ഷാര്‍ജയുടെ ഗതാഗത മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷത്തെ ആദ്യഘട്ട ഭൂമി അനുവദിക്കലിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. എമിറേറ്റിലെ 1,200 ഇമാറാത്തികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ 490 പേര്‍ക്ക് താമസസ്ഥലത്തിനുള്ള പ്ലോട്ടുകളും 710 പേര്‍ക്ക് നിക്ഷേപത്തിനുള്ള ഭൂമിയുമാണ് അനുവദിച്ചിരിക്കുന്നത്.




