Kerala
യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി കസ്റ്റഡിയില്‍
പത്തനംതിട്ട ഏനാത്ത് കടമ്പനാട് സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിലാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട | ഏനാത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്ത് യുവതിയെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് ഒരാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
പോരുവഴി മയ്യത്തുംകര എന്ന സ്ഥലത്ത് അര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരി (33) യെയാണ് ഏനാത്ത് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
ഈമാസം 14 ന് രാവിലെയാണ് കടമ്പനാട് പറമല അനുഭവനില്‍ രേണു അനില്‍ (37) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് സെന്റ് തോമസ് സ്‌കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്ന രേണുവിനോട് അതേ സ്‌കൂളിലെ പി ആര്‍ ഒ ആയിരുന്ന സുഹൈല്‍ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടെന്നും അതില്‍ മനം നൊന്താണ് ആത്മഹത്യയെന്നും പോലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഇതോടെയാണ് അന്വേഷണം ഇയാളിലേക്ക് എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.




