Connect with us

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; കുറ്റാരോപിതയായ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേകസംഘം അന്വേഷിക്കും.

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന. ചികിത്സാ വീഴ്ചയില്‍ ആരോപിതയായ ഡോ. ബിന്ദു സുന്ദറിനെതിരെയാണ് നടപടി.

സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേകസംഘം അന്വേഷിക്കും. ഡോക്ടര്‍ക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡി എം ഒക്ക് ലഭിച്ചതായും ഇതുള്‍പ്പെടെ എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ആശുപത്രിയില്‍ ചികിത്സാ വീഴ്ചയുണ്ടായെന്ന പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നിരഞ്ജനയെ ഇന്നലെ പുലര്‍ച്ചെ പരിശോധനക്കായി ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും കുഞ്ഞ് മരിച്ചു. ഡോക്ടര്‍ അഞ്ച് മിനുട്ട് മാത്രമെടുത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും ആരോപണമുണ്ട്. പ്രസവ വേദന ഇല്ലാതിരുന്നിട്ടും നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.

Latest