Uae
ഷാർജയിലെ പുതിയ പർവതശിഖര വിനോദ കേന്ദ്രം അടുത്ത വർഷം തുറക്കും
സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ 4,700 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന ഈ റിട്രീറ്റിൽ രണ്ട് നിലകളുണ്ടാകും.

ഷാർജ| മൗണ്ട് ദീമിന്റെ ചരിവുകളിൽ പുതിയ വിനോദസഞ്ചാര കേന്ദ്രം 2026ൽ തുറക്കാൻ ഒരുങ്ങുകയാണ് ഷാർജ. ചന്ദ്രക്കലയുടെ ആകൃതിയിലാണ് “മേഘങ്ങൾക്ക് മുകളിൽ’ എന്ന പേരിലുള്ള ഈ കേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ 4,700 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന ഈ റിട്രീറ്റിൽ രണ്ട് നിലകളുണ്ടാകും. മുകളിലത്തെ നിലയിൽ റെസ്റ്റോറന്റ‌്, തുറന്ന കഫേ, വായനാ സ്ഥലം എന്നിവയും താഴത്തെ നിലയിൽ മൾട്ടിപർപ്പസ് ഹാൾ, പ്രാർഥനാ മുറി, വിശ്രമമുറികൾ, തീയേറ്റർ, കാഴ്ചാ പ്ലാറ്റ്ഫോമുകൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയുമുണ്ടാകും.
കൽബയുടെ തീരപ്രദേശത്തിന്റെയും ചുറ്റുമുള്ള പർവത താഴ്്വരകളുടെയും അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാവും ഈ ഉയർന്ന പ്രദേശം. സന്ദർശകർക്ക് പ്രകൃതിയുമായും പ്രാദേശിക സംസ്‌കാരവുമായും ബന്ധിപ്പിക്കുന്ന ഒരു ശാന്തമായ അനുഭവം ഇവിടെ ലഭിക്കും. റിട്രീറ്റിന് ചുറ്റുമുള്ള പ്രദേശം വിപുലമായ രീതിയിൽ മനോഹരമാക്കുകയാണ്. ഇതിനോടകം 3,053 ഒലീവ് മരങ്ങൾ, 670 ആപ്പിൾ മരങ്ങൾ, 112 മാതളനാരങ്ങകൾ, 500 മുന്തിരിവള്ളികൾ എന്നിവയുൾപ്പെടെ 4,500-ൽ അധികം മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ 260 വ്യത്യസ്ത ഫലവൃക്ഷ ഇനങ്ങളും ഇവിടെ ഉണ്ടാകും.
എളുപ്പത്തിൽ എത്തിച്ചേരാനായി പത്ത് കിലോമീറ്റർ റോഡ് ശൃംഖലയും രണ്ട് പാലങ്ങളും നിർമാണത്തിലാണ്. റോഡ് വാദി അൽ ഹെലോ ടണലിനെ പുതിയ ഷാർജ – കൽബ റോഡുമായി ബന്ധിപ്പിക്കുന്നതാണ് ഒരു റോഡ്. മറ്റൊന്ന് നേരിട്ട് പർവത മുകളിലേക്കും മറ്റ് പദ്ധതികളിലേക്കും പ്രവേശനം നൽകും. മൂന്ന് വരികളുള്ള റോഡാണ് നിർമിക്കുക. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ബസ്സുകൾക്കും വലിയ വാഹനങ്ങൾക്കും എളുപ്പത്തിൽ മുകളിലേക്ക് എത്താൻ കഴിയും. കൽബയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഈ കേന്ദ്രം മാറും. ഹാങ്ങിംഗ് ഗാർഡൻ, അൽ ഹാഫിയ തടാകം, പുതുക്കിപ്പണിത കോർണിഷ്, കൽബ ക്ലോക്ക് ടവർ എന്നിവ ഇപ്പോൾ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.