International
ലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ട; ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ്
ബ്രിക്സ് ഗ്രൂപ്പിലെ രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു.

റിയോ ഡി ജനീറോ | ബ്രിക്സ് ഗ്രൂപ്പിലെ രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാ സില്‍വ. ലോകം മാറിയിരിക്കുന്നു, നമുക്ക് ഒരു ചക്രവര്‍ത്തിയെ വേണ്ടെന്നും ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.
ആഗോള സമ്പദ് വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ തേടുന്ന രാജ്യങ്ങളുടെ ഗ്രൂപ്പാണ് ബ്രിക്‌സ്. അതുകൊണ്ടാണ് ബ്രിക്സ് ആളുകളെ അസ്വസ്ഥരാക്കുന്നതെന്നും ലുല ഡാ സില്‍വ പ്രതികരിച്ചു. ലോകത്തിന് യു എസ് ഡോളറിലൂടെയുള്ള വ്യാപാര മാര്‍ഗങ്ങള്‍ മാത്രം പോര, മറ്റ് വഴികളും തേടേണ്ടതുണ്ടെന്ന് ലുല ഇന്നലെ പ്രസ്താവിച്ചിരുന്നു. നമ്മുടെ കേന്ദ്ര ബേങ്കുകള്‍ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബേങ്കുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ലുല പറഞ്ഞു.
യു എസിന്റെ സൗഹൃദ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ക്കു മേല്‍ കഴിഞ്ഞ ദിവസം ട്രംപ് ഉയര്‍ന്ന താരിഫ് ചുമത്തിയിരുന്നു. ഇതോടെയാണ് കടുത്ത പ്രതികരണവുമായി ബ്രസീല്‍ പ്രസിഡന്റ് രംഗത്തെത്തിയത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേല്‍ അമേരിക്ക 25 ശതമാനം താരിഫ് നിരക്ക് ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി കൊണ്ടുള്ള രണ്ട് കത്തുകളാണ് ട്രംപ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെര്‍ബിയ, കംബോഡിയ, ബോസ്‌നിയ & ഹെര്‍സഗോവിന എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കുള്ള താരിഫ് സംബന്ധിച്ച കത്തുകളും പുറത്തുവിട്ടു.