National
ബിഹാറില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 35 ശതമാനം സംവരണം; വന്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍
എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

പട്‌ന | ബിഹാറില്‍ സ്ത്രീകള്‍ക്ക് വന്‍ ജോലി വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
‘സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35 ശതമാനം സംവരണം ഏര്‍പ്പെടുത്തും. പൊതു സേവനങ്ങളില്‍ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിര്‍വഹണത്തിലും വലിയ പങ്കുവഹിക്കുകയും ചെയ്യുകയെന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം.’ നിതീഷ് കുമാര്‍ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപവത്കരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും, അവരെ പരിശീലിപ്പിക്കുകയും ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനാണ് യൂത്ത് കമ്മീഷന്‍ എന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കമ്മീഷന് ഒരു ചെയര്‍പേഴ്സണ്‍, രണ്ട് വൈസ് ചെയര്‍പേഴ്സണ്‍മാര്‍, 45 വയസ്സിന് താഴെയുള്ള ഏഴ് അംഗങ്ങള്‍ എന്നിവര്‍ ഉണ്ടായിരിക്കും. സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും കമ്മീഷന്റെ ചുമതലയാണ്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലികളില്‍ ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടോ എന്നതും കമ്മീഷന്‍ നിരീക്ഷിക്കും. മദ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ തടയുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കുകയെന്നതും കമ്മീഷന്റെ ചുമതലയാണ്.