Connect with us

From the print

ഹിസ്ബുല്ലയുടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം; ചര്‍ച്ചക്ക് തയ്യാറെന്ന് ലബനാന്‍

ബെയ്റൂത്തില്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാഖകള്‍ക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം.

Published

|

Last Updated

ബെയ്റൂത്ത് | ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ശാഖകള്‍ക്കു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. സ്ഥാപനത്തിന്റെ ശാഖകള്‍ ലക്ഷ്യംവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം.

ബെയ്റൂത്തിലെ ബിര്‍ അല്‍ അബേദ്, ഹാരെത് ഹെക് എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും വിമാനത്താവള പാതയിലുള്ള മറ്റൊരു ശാഖക്കും നേരെ ആക്രമണം ഉണ്ടായതായി ലബനാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍ എന്‍ എ റിപോര്‍ട്ട് ചെയ്തു. പലിശരഹിത വായ്പകളും മറ്റ് സാമ്പത്തിക സേവനങ്ങളും നല്‍കുന്ന ഈ സ്ഥാപനം 2007 മുതല്‍ അമേരിക്കയുടെ ഉപരോധപ്പട്ടികയിലുണ്ട്.

മധ്യ ബെയ്റൂത്തിലെ തിരക്കേറിയ നുവൈരി മേഖലയിലെ സ്ഥാപനത്തിനു നേരെ ആക്രമണ ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ റോഡുകള്‍ അടക്കുകയും ഗതാഗതം തിരിച്ചുവിടുകയും ചെയ്തു.

പലായനം ചെയ്തെത്തിയ നിരവധി ആളുകള്‍ താമസിക്കുന്ന സ്‌കൂളിന് സമീപമാണ് ഈ ശാഖ സ്ഥിതി ചെയ്യുന്നത്. ആളുകളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും മാറാന്‍ തയ്യാറായിട്ടില്ല.

ഇസ്‌റാഈലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

2024 നവംബറില്‍ ഇസ്‌റാഈലും ഹിസ്ബുല്ലയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും അതിര്‍ത്തികളില്‍ ഇസ്‌റാഈല്‍ നിരന്തരം കരാര്‍ ലംഘിച്ചിരുന്നു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പിന്നാലെ ഈ മാസം രണ്ട് മുതല്‍ ഹിസ്ബുല്ല ആക്രമണം പുനരാരംഭിച്ചതോടെയാണ് പോരാട്ടം വീണ്ടും കടുത്തത്.

ഇറാന്റെ മിസൈല്‍ വെടിവെച്ചിട്ടതായി തുര്‍ക്കിയ
അങ്കാറ | ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കിയക്ക് മുകളില്‍ വെച്ച് വെടിവെച്ചിട്ടതായി നാറ്റോ പ്രതിരോധ സേന. ദക്ഷിണ തുര്‍ക്കിയയിലെ ഗാസിയാന്‍ടെപ് പ്രവിശ്യയിലുള്ള സാഹിന്‍ബേ ജില്ലക്ക് മുകളില്‍ വെച്ചാണ് മിസൈല്‍ തകര്‍ത്തതെന്ന് തുര്‍ക്കിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനു ശേഷം തുര്‍ക്കിയക്കു നേരെ ഇറാന്‍ നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമാണിത്. തങ്ങളുടെ വ്യോമാതിര്‍ത്തിയും അതിര്‍ത്തി സുരക്ഷയും സംരക്ഷിക്കാന്‍ രാജ്യം സജ്ജമാണെന്ന് വ്യക്തമാക്കിയ തുര്‍ക്കിയ, മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്ന് പിന്മാറാന്‍ ഇറാനോട് ആവശ്യപ്പെട്ടു. തുര്‍ക്കിയക്കു നേരെയുള്ള ആക്രമണത്തെ നാറ്റോ അപലപിച്ചു. സഖ്യകക്ഷികളെ സംരക്ഷിക്കാന്‍ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ആലിസണ്‍ ഹാര്‍ട്ട് പറഞ്ഞു.

ഒരു നാറ്റോ അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന ആക്രമണം സഖ്യത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന ‘ആര്‍ട്ടിക്കിള്‍ 5’ പ്രകാരം തിരിച്ചടി നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് നാറ്റോ മേധാവി മാര്‍ക്ക് റുട്ടെ വ്യക്തമാക്കി. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍ സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്.

അമേരിക്കയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മേഖലയിലാകെ കടുത്ത അസ്ഥിരതയും പ്രത്യാഘാതങ്ങളും സൃഷ്ടിക്കുക എന്ന തന്ത്രമാണ് ഇറാന്‍ പയറ്റുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കിയക്കു നേരെയും ആക്രമണം ഉണ്ടായത് യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.