Connect with us

From the print

എണ്ണ കത്തുന്നു

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില 119.5 ഡോളര്‍ വരെ ഉയര്‍ന്നു.

Published

|

Last Updated

വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി തുടരുന്നതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ ബഞ്ച് മാര്‍ക്കായ ബ്രന്റ് ക്രൂഡ് വില ബാരലിന് 119.5 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വില 14 ശതമാനം വര്‍ധിച്ച് ബാരലിന് 106 ഡോളറിനാണ് വ്യാപാരം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 92.69 ഡോളറായിരുന്നു വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതിനിടെ രൂപയുടെ മൂല്യത്തിലും വന്‍ ഇടിവാണുണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കായ 92.35ലെത്തി. 53 പൈസയുടെ ഇടിവാണുണ്ടായത്. രൂപയുടെ മൂല്യം 92.22 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഇടയ്ക്ക് 92.15 വരെ ഉയര്‍ന്നുവെങ്കിലും വ്യാപാരത്തിലുടനീളം മൂല്യം ഇടിയുകയായിരുന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് മൂല്യം ഇനിയും ഇടിയുന്നതിന് കാരണമാകും. ഇതിന് പുറമെ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വേഗത്തില്‍ പിന്‍വലിക്കുന്നതും രൂപ ദുര്‍ബലമാകുന്നതിന് കാരണമായി.

ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കേണ്ട ആവശ്യം കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുന്നതും നിലവില്‍ പരിഗണിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധന ലഭ്യതയുടെയും കരുതല്‍ ശേഖരത്തിന്റെയും കാര്യത്തില്‍ ഇന്ത്യ താരതമ്യേന സുഖകരമായ നിലയിലാണെന്നും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള കുതിച്ചുചാട്ടത്തില്‍ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാന്‍ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടത്. നിഫ്റ്റി 1.73 ശതമാനം ഇടിഞ്ഞ് 24,028.05-ലും സെന്‍സെക്സ് 1,352.74 പോയിന്റ് താഴ്ന്ന് 77,566.16ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സംഘര്‍ഷം നീളുകയാണെങ്കില്‍ ഈ മാസം അവസാനത്തോടെ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് വിമാന ഇന്ധനം, വളം തുടങ്ങിയവയുടെ വില വര്‍ധിക്കുന്നതിനും ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിനും കാരണമാകും. കഴിഞ്ഞ ദിവസം ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളും എണ്ണശുദ്ധീകരണശാലകളും യു എസും ഇസ്റാഈലും ലക്ഷ്യമിട്ടിരുന്നു.

സ്വര്‍ണ വിലയില്‍ ഇടിവ്
കൊച്ചി | പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. സംസ്ഥാനത്ത് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയും പവന് 1,440 രൂപ കുറഞ്ഞ് 1,18,560 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില ഇനിയും കുറയും. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതാണ് സ്വര്‍ണ വിലയെ കാര്യമായി ബാധിച്ചത്.