From the print
ഗള്‍ഫില്‍ ഊര്‍ജകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം
ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഊദി അറേബ്യ, പ്രകോപനം തുടര്‍ന്നാല്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക ഇറാന്‍ തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ദുബൈ | ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്നു. സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്വര്‍, കുവൈത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളില്‍ ഇന്നലെ ആക്രമണമുണ്ടായി. ആക്രമണങ്ങളെ ശക്തമായി അപലപിച്ച സഊദി അറേബ്യ, പ്രകോപനം തുടര്‍ന്നാല്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക ഇറാന്‍ തന്നെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ഗള്‍ഫ് രാജ്യങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. പത്ത് സാധാരണക്കാരും ഏഴ് യു എസ് സൈനികരും ഇതിലുള്‍പ്പെടും.
മേഖലയിലെ സംഘര്‍ഷം ഊര്‍ജ വിപണിയെയും സാമ്പത്തിക രംഗത്തെയും ബാധിച്ചിട്ടുണ്ട്. ഊര്‍ജ ഉത്പാദന കയറ്റുമതിയില്‍ വരുംദിവസങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാമെന്ന് ഖത്വര്‍, കുവൈത്ത് മുന്നറിയിപ്പ് നല്‍കി.
ബഹ്‌റൈനിലെ അല്‍ മആമീറിലെ ബാപ്കോ ഓയില്‍ റിഫൈനറിയില്‍ ആക്രമണത്തെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായി. സിത്ര മേഖലയില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 32 സാധാരണക്കാര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ മനാമയിലെ പൊതുനിരത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ആമീര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ തീപ്പിടിത്തമുണ്ടായി.
സഊദി അറേബ്യയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട ഡ്രോണ്‍ ആക്രമണങ്ങളെ വ്യോമപ്രതിരോധ സേന തകര്‍ത്തു. വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച എട്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിവില്‍ വിമാനത്താവളങ്ങളെയും എണ്ണ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ സ്ഫോടനശബ്ദം ഉണ്ടായി. ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും സായുധ സേന പ്രതിരോധിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് ഖത്വര്‍ ഇപ്പോഴും തയ്യാറാണെന്ന് ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി വ്യക്തമാക്കി.
കുവൈത്തിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഷുവൈഖ് പവര്‍ സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇന്ധന ടാങ്കിന് തീപിടിച്ചു.
യു എ ഇക്ക് നേരെ ഇന്നലെ വന്ന 12 ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തു. 15 മിസൈലുകളില്‍ മൂന്നെണ്ണം കടലില്‍ പതിച്ചു. 18 ഡ്രോണുകളില്‍ 17 എണ്ണവും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞു. ഒരു ഡ്രോണ്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് അബൂദബിയില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. രണ്ട് ഇടങ്ങളിലാണ് അപകടം ഉണ്ടായത്. ഫുജൈറയിലെ ഓയില്‍ ടാങ്ക് മേഖലയില്‍ തീപ്പിടിത്തമുണ്ടായി. മിസൈല്‍ അവശിഷ്ടങ്ങള്‍ ടാങ്ക് പരിസരത്ത് വീണതാണ് തീപ്പിടിത്തത്തിന് കാരണമായത്.


