Connect with us

Idukki

കാട്ടാനകളെ ശകാരിച്ചോടിക്കുന്ന ശക്തിവേലിന് ആനക്കലിയിൽ അന്ത്യം

കനത്ത മഞ്ഞ് മൂലം ശക്തിവേലിന് ആനക്കൂട്ടത്തെ കാണാൻ കഴിഞ്ഞില്ലെന്നും അബദ്ധത്തിൽ മുന്നിൽപ്പെട്ടെന്നുമാണ് നിഗമനം

Published

|

Last Updated

ഇടുക്കി | ‘പോടാ ഇങ്കെ നിൽക്കാതെ’’ എന്ന ഫോറസ്റ്റ് വാച്ചർ ശക്തിവേലിൻ്റെ ഒറ്റ ആജ്ഞ. ഇത് കേട്ടാലുടൻ നാടുവിറപ്പിച്ച കാട്ടുകൊമ്പൻമാർ ശക്തിയെല്ലാം ചോർന്ന് കാടു കയറും. ഇത് കെട്ടുകഥയല്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിച്ചിട്ടുളള പലരും ഇത് നേരിട്ട് കണ്ടിട്ടുണ്ട്.

കൊമ്പു കുലുക്കി വരുന്ന കൊമ്പനെ കുഞ്ഞാടിനെപ്പോലെ മെരുക്കുന്ന ശക്തിവേലിൻ്റെ വീഡിയോ വൈറലാണ്. നവംബറിൽ ദേശീയപാതയിൽ ആനയിറങ്കലിന് സമീപം ഇറങ്ങിയ മുറിവാലൻ എന്ന കാട്ടാനയെ ശകാരിച്ച് ഓടിക്കുന്ന ദൃശ്യമാണ് ശക്തിവേലിനെ ശ്രദ്ധേയനാക്കിയത്. കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികരെ ശക്തിവേൽ ഓടിച്ചത് ഈയിടെയാണ്.

എവിടെ കാട്ടാന ഇറങ്ങി എന്നറിഞ്ഞാലും സ്‌കൂട്ടറിൽ ശക്തിവേൽ പാഞ്ഞെത്തും. മുഖാമുഖം നിന്ന് കാട്ടാനയെ വാക്കുകൊണ്ട് വിരട്ടിയോടിക്കും. എന്നാൽ, ഇന്നലെ ശക്തിവേലിൻ്റെ ജീവൻ കാട്ടാനക്കൂട്ടം കവർന്നെടുത്തു.

ആനയിറങ്കൽ മേഖലയിൽ കാട്ടാനയെ തടയാൻ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. രാവിലെ ഏഴ് മണിയോടെ കാട്ടാനക്കൂട്ടം ഇറങ്ങി എന്നറിഞ്ഞാണ് ശക്തിവേൽ സ്‌കൂട്ടറിൽ പുറപ്പെട്ടത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഫോണിൽ കിട്ടാതെ വന്നതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. 11 മണിയോടെ സ്‌കൂട്ടർ വനത്തിനോട് ചേർന്ന് കണ്ടെത്തി. ഒരു മണിക്കൂറിന് ശേഷം ദേഹമാസകലം പരുക്കുകളോടെ മൃതദേഹവും. കനത്ത മഞ്ഞ് മൂലം ശക്തിവേലിന് ആനക്കൂട്ടത്തെ കാണാൻ കഴിഞ്ഞില്ലെന്നും അബദ്ധത്തിൽ മുന്നിൽപ്പെട്ടെന്നുമാണ് സൂചന.