Connect with us

National

ഡല്‍ഹിയില്‍ സ്വാമി ചൈതന്യാനന്ദക്കെതിരെ ലൈംഗികാതിക്രമ പരാതി; ഒളിവില്‍

ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലാണ് സംഭവം.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി വസന്ത് കുഞ്ചിലെ ആശ്രമം ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയ്‌ക്കെതിരെ ലൈംഗിക പീഡന പരാതികള്‍. 17 വിദ്യാര്‍ത്ഥികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാര്‍ത്ഥസാരഥിക്കെതിരെ പരാതി നല്‍കിയത്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലാണ് സംഭവം. ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു, അശ്ലീല സന്ദേശങ്ങള്‍ അയച്ചു, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിങ്ങനെയാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. വനിതാ അധ്യാപികമാരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും ഇയാള്‍ക്ക് കൂട്ടുനിന്നതായും ചില വാര്‍ഡന്‍മാര്‍ പെണ്‍കുട്ടികളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പോലീസ് കമീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു. പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ വിദ്യാര്‍ത്ഥികളാണ്. പോലീസ് ഇതുവരെ 32 വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. സ്വാമി ചൈതന്യാനന്ദ നിലവില്‍ ഒളിവിലാണ്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോള്‍വോ കാര്‍ കണ്ടെത്തി. ഇത് പോലീസ് പിടിച്ചെടുത്തു. ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി അധികൃതര്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.