Connect with us

Kasargod

സ്‌നേഹ സന്ദേശങ്ങള്‍ കൈമാറി കാരുണ്യ സ്പര്‍ശം; ശ്രദ്ധേയമായി മുഹിമ്മാത്തിന്റെ സേവന മുഖം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സെന്ററിലേക്ക് അത്യാവശ്യമായ ഉപകരണങ്ങളും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഫ്രൂട്ട്‌സ് കിറ്റുകളും മീലാദുന്നബിയുടെ സ്‌നേഹ സമ്മാനമായി നല്‍കി.

Published

|

Last Updated

പുത്തിഗെ | കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മുന്നൂറിലേറെ വരുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കും സ്‌നേഹ സന്ദേശങ്ങള്‍ നല്‍കിയും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയും മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യൂക്കേഷന്‍ സെന്റര്‍ നടത്തിയ കാരുണ്യ സ്പര്‍ശം ശ്രദ്ധേയമായി. മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ പത്ത് ദിവസമായി നടന്നുവന്ന മീലാദുന്നബി ആഘോഷ പരിപാടിയുടെ ഭാഗമായി ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് അത്യാവശ്യമായ ഉപകരണങ്ങളും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഫ്രൂട്ട്‌സ് കിറ്റുകളും മീലാദുന്നബിയുടെ സ്‌നേഹ സമ്മാനമായി നല്‍കി.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മുഹിമ്മാത്ത് സ്ഥാപനം ജനറല്‍ ആശുപത്രിയിലേക്ക് അത്യാവശ്യമായ ഹീറ്റര്‍, വീല്‍ ചെയര്‍, സ്‌ട്രെച്ചര്‍ തുടങ്ങിയ ഉപകരണങ്ങളും വിവിധ മെഡിക്കല്‍ സംവിധാനങ്ങളും ലഭ്യമാക്കിയതിനു പുറമെ പ്രസവ വാര്‍ഡ് നവീകരണം, മോര്‍ച്ചറിയിലെ വെയ്റ്റിംഗ് ഷെഡ് നിര്‍മാണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സീനിയര്‍ ഡോക്ടര്‍ ജനാര്‍ദനന്‍ നായിക്ക് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സിദ്ധീഖ് സഖാഫി ഉറുമി, അബ്ദുല്‍ ഫത്താഹ് സഅദി, കെ എച്ച് അബ്ദുല്‍ റഹ്മാന്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ കട്ടനടുക്ക, സാമൂഹിക പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ഡോ: സ്വപ്ന, ഡോ: സ്‌നേഹ തുടങ്ങിയവര്‍ സംബന്ധിച്ചു.