Connect with us

Kerala

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ആകെ 4,33,325 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷ നടത്തിപ്പിനായി 2,005 ചീഫ് സൂപ്രണ്ടുമാരെയും 4,015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനതലത്തിലും പ്രാദേശികമായും വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 389 കേന്ദ്രങ്ങളിലായി എന്‍ എസ് ക്യൂ എഫ് വിഭാഗത്തില്‍ 30,158, മറ്റു വിഭാഗത്തില്‍ 1,174 ഉള്‍പ്പെടെ 31,332 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

എസ് എസ് എല്‍ സി പരീക്ഷ നാളെ ആരംഭിക്കും
എസ് എസ് എല്‍ സി പരീക്ഷ നാളെ ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. സംസ്ഥാനത്ത് ഇക്കുറി 4,27,407 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് 2,962 കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതുക. ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതുന്നുണ്ട്. ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരെ നടക്കും.

 

 

Latest