Connect with us

school re opening

സംസ്ഥാനത്ത് സ്‌കൂളുകള്‍ 14ന് തുറക്കും

കോളജുകള്‍ ഏഴ് മുതല്‍; ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളിലെ പ്രാര്‍ഥനക്ക് അനുമതി

Published

|

Last Updated

തിരുവനന്തപുരം | ഒമിക്രോണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളു കോളജുകളും തുറക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഈ മാസം 14ന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പത്ത്, 11, 12, ക്ലാസുകളും കോളജുകളും ഈ മാസം ഏഴിന് തുറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് ഒമിക്രോണ്‍ ഭീഷണി കുറഞ്ഞുവരുന്നതായി കൊവിഡ് യോഗം വിലയിരുത്തി. കൊവിഡിന്റെ രൂക്ഷ അവസ്ഥ സംസ്ഥാനത്ത് കുറഞ്ഞുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

ലോക്ക്ഡൗണിന് സമാന നിയന്ത്രണമുള്ള ഞായറാഴ്ച ആരാധനക്ക് അനുമതി. ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന ഞായറാഴ്ച പ്രാര്‍ഥനകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീടുകളുടെ പരിസരത്ത് നടത്താനും യോഗം അനുമതി നല്‍കി. എങ്കിലും മറ്റ് നിയന്ത്രണങ്ങള്‍ തുടരാനുമാണ് യോഗത്തില്‍ തീരുമാനമായത്. നിലവില്‍ കൊല്ലം ജില്ല മാത്രമാണ് കൊവിഡ് രൂക്ഷമായ സി കാറ്റഗറിയിലുള്ളത്.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ ടി പി സി ആര്‍ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
---- facebook comment plugin here -----

Latest