Uae
വിദ്യാര്‍ഥികളുടെ വിദ്യാലയ പുനപ്രവേശം; നടപ്പിലാക്കുക രണ്ട് ഘട്ടങ്ങളിലായി

അബൂദബി | ജനുവരി 24 മുതല്‍ രാജ്യത്തെ വിദ്യാലയങ്ങളില്‍ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാര്‍ഥികള്‍ ഘട്ടം ഘട്ടമായി തിരികെ പ്രവേശിക്കുമെന്ന് യു എ ഇ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുക. വിദ്യാലയങ്ങളില്‍ നേരിട്ടെത്തുന്ന വിദ്യാര്‍ഥികളുടെ ആദ്യ വിഭാഗം ജനുവരി 24 മുതലും, രണ്ടാം വിഭാഗം ജനുവരി 31 മുതലും വിദ്യാലയങ്ങളില്‍ തിരികെ പ്രവേശിക്കുമെന്ന് വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഹസാ അല്‍ മന്‍സൂരി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കരിച്ച നടപടിക്രമങ്ങളും നിര്‍ദേശങ്ങളും അല്‍ മന്‍സൂരി വിശദീകരിച്ചു.
നിലവിലെ സാഹചര്യങ്ങളും സംഭവ വികാസങ്ങളും നിരീക്ഷിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളെ മുന്‍കൂട്ടി നേരിടാന്‍ വിദ്യാഭ്യാസ മേഖല പൂര്‍ണമായും സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.
നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും സ്‌കൂളുകള്‍ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുമുള്ള ചട്ടക്കൂടിനു കീഴില്‍ വിദ്യാര്‍ഥികളെ ഇന്‍-ക്ലാസ് പഠനത്തിലേക്ക് ക്രമാനുഗതമായി മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ ജനുവരി 24-ന് വിദ്യാലയങ്ങളില്‍ തിരികെയെത്തുമെന്ന് അല്‍ മന്‍സൂരി പറഞ്ഞു. ഈ ഗ്രൂപ്പില്‍ നഴ്സറി, ഒന്നാം ഗ്രേഡ്, പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ഥികള്‍ അല്ലെങ്കില്‍ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ പതിമൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ഇത്തരത്തില്‍ മടങ്ങിയെത്തുന്നവരില്‍ അന്തര്‍ദേശീയ, പ്രധാന പരീക്ഷകള്‍ ഉള്ളവര്‍ക്ക് അവ നടത്തുന്നതാണ്. ആദ്യ ഗ്രൂപ്പില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടുമെന്ന് അല്‍ മന്‍സൂരി വ്യക്തമാക്കി. ഈ ഗ്രൂപ്പിന് ഗ്രീന്‍ പാസ് സമ്പ്രദായം നടപ്പിലാക്കു. ശേഷിക്കുന്ന സ്‌കൂള്‍ തലങ്ങളും ഗ്രേഡുകളും ഉള്‍പ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പ് ജനുവരി 31-ന് സ്‌കൂളുകളില്‍ തിരിച്ചെത്തും.
വ്യക്തിഗത വിദ്യാഭ്യാസത്തിന്റെ സുഗമമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിരവധി പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാര്‍ഥികളും 96 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത പി സി ആര്‍ പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ അല്‍ ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കണം. 96 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കണം.
മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ നിര്‍ത്തിവയ്ക്കും. എന്നാല്‍, സ്‌കൂളുകളിലെ കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രസക്തമായ മുന്‍കരുതല്‍ നടപടികളുടെ പ്രയോഗത്തോടെ തുടരും. രാജ്യത്തെ സ്ഥിതിഗതികള്‍ പുനപ്പരിശോധിക്കുന്നത് വരെ കുട്ടികള്‍ വിദൂരമായി വിദ്യാഭ്യാസം തുടരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് റിമോട്ട് ലേണിംഗ് ഓപ്ഷന്‍ ലഭ്യമാക്കും. സ്‌കൂള്‍ മാനേജ്മെന്റുകള്‍ രക്ഷിതാക്കളുമായി നേരിട്ട് ബന്ധപ്പെടുകയും പഠന സംവിധാനത്തെക്കുറിച്ചും ആരോഗ്യ സ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ക്ക് നല്‍കും. പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ മാതാപിതാക്കളോട് പി സി ആര്‍ പരിശോധനകള്‍ നേരത്തെ നടത്താന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.