Saudi Arabia
ഇറാനുമായുള്ള സമാധാന ചര്‍ച്ച: മക്ക പ്രതിരോധ സഖ്യം പ്രതിനിധി സംഘത്തെ ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് നയിക്കും
പാകിസ്താന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍, തുര്‍ക്കി ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്റാഹീം കലിന് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
റിയാദ് | പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സൈനിക പിരിമുറുക്കങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നിര്‍ണായക നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാനുമായി ചര്‍ച്ചക്കൊരുങ്ങി മക്ക സംയുക്ത പ്രതിരോധ സഖ്യം (Makkah Joint Defense Agreement). ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സഖ്യരാജ്യങ്ങളുടെ ഉയര്‍ന്ന പ്രതിനിധി സംഘത്തെ സഊദി അറേബ്യന്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് നയിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഉന്നതതല സംഘം തെഹ്റാനിലേക്ക്
മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് സഊദി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്. പാകിസ്താന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍, തുര്‍ക്കി ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്റാഹീം കലിന് എന്നിവരും സഊദി പ്രതിനിധി സംഘത്തോടൊപ്പം തെഹ്റാനിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
സന്ദര്‍ശനത്തിനിടെ പ്രതിനിധി സംഘം ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള വിപുലമായ ചര്‍ച്ചകള്‍ നേതാക്കള്‍ നടത്തും.
മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ
ചര്‍ച്ചകളും നയതന്ത്ര പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ സഊദി അറേബ്യക്കുള്ള പങ്കിന്റെ തുടര്‍ച്ചയാണ് ഈ സന്ദര്‍ശനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്വറും പാകിസ്താനും നിലവില്‍ നടത്തിവരുന്ന സമാധാന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഈ ഉന്നതതല ഇടപെടല്‍ കൂടുതല്‍ കരുത്തുപകരും. തെഹ്റാന് സന്ദര്‍ശനത്തിന്റെ ഫലങ്ങളോടും പ്രതിസന്ധി പരിഹരിക്കാന്‍ നടക്കുന്ന ശ്രമങ്ങളോടും എല്ലാ കക്ഷികളും അനുകൂലമായും ക്രിയാത്മകമായും പ്രതികരിക്കുമെന്നാണ് സഊദിയുടെ പ്രതീക്ഷ.
നിലവിലെ പ്രതിസന്ധിയിലുള്ള കക്ഷികള്‍ തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുന്നതിനും ചര്‍ച്ചകളെയും നയതന്ത്ര പരിഹാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി സഖ്യത്തിലെ അംഗങ്ങള്‍ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദര്‍ശനവും കൂടിക്കാഴ്ചയുമെന്ന് സഊദി പൊതു നയതന്ത്ര വിഭാഗം വിദേശകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഡോ. റാഇദ് ക്രിംലി എക്സില്‍ കുറിച്ചു. സഊദി അറേബ്യ, തുര്‍ക്കി, പാകിസ്താന് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് മക്ക പ്രതിരോധ സഖ്യം. ആഗസ്റ്റ് ഏഴിന് മക്കയില്‍ വെച്ചായിരുന്നു മൂന്ന് രാജ്യങ്ങളും മക്ക സംയുക്ത പ്രതിരോധ കരാരില്‍ ഒപ്പുവച്ചത്.
Content Highlights:Saudi Defence Minister Prince Khalid bin Salman is leading a high-level Mecca Defence Alliance delegation for peace talks with Iran. The initiative aims to de-escalate regional tension and foster diplomatic stability. Delegates are scheduled to meet with senior leaders in Tehran for discussions.





