Ongoing News
സിംഗപ്പൂരില്‍ എണ്ണ സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ സഊദി അറേബ്യ
സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര ഊര്‍ജ വാരത്തില്‍ വെച്ചാണ് ഇരു രാജ്യങ്ങളുടെയും ഊര്‍ജ മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
സിംഗപ്പൂര്‍ | ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി സിംഗപ്പൂരില്‍ വന്‍തോതില്‍ അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍) സംഭരിക്കാനുള്ള തന്ത്രപ്രധാനമായ പദ്ധതി സഊദി അറേബ്യയും സിംഗപ്പൂരും പ്രഖ്യാപിച്ചു. സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര ഊര്‍ജ വാരത്തില്‍ വച്ചാണ് ഇരു രാജ്യങ്ങളുടെയും ഊര്‍ജ മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.
സിംഗപ്പൂരിലെ ജൂറോങ് ദ്വീപിലുള്ള ഭൂഗര്‍ഭ അറകളായ ‘ജൂറോങ് റോക്ക് കാവര്ണ്സിലാണ്’ (Jurong Rock Caverns) സഊദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ സംഭരിക്കുക. 2027 രണ്ടാം പകുതിയോടെ ഈ സംഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കും. സഊദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോയും, സിംഗപ്പൂരിലെ എനര്‍ജി മാര്‍ക്കറ്റ് അതോറിറ്റിയും (EMA) ജെ ടി സി കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക.
ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിതരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടായാല്‍ സിംഗപ്പൂരിന്റെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെയും ഊര്‍ജ ആവശ്യങ്ങള്‍ സുഗമമായി നിറവേറ്റാന്‍ ഈ സംഭരണം സഹായിക്കും. കടല്‍മാര്‍ഗമുള്ള തടസ്സങ്ങളോ അന്താരാഷ്ട്ര സംഘര്‍ഷങ്ങളോ ഉണ്ടായാല്‍ പോലും തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്ക് തങ്ങളുടെ എണ്ണ വിതരണം കൂടുതല്‍ വേഗതയേറിയതും സുരക്ഷിതവുമാക്കാന്‍ സഊദിക്ക് ഇതിലൂടെ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ സഹകരണത്തിലെ വലിയൊരു നാഴികക്കല്ലായാണ് പുതിയ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
Content Highlights: Saudi Arabia has announced plans to establish a new oil storage facility in Singapore. The project aims to strengthen energy supply chains and expand trading capabilities across Asian markets. This strategic investment marks a significant step in enhancing Saudi Arabia’s global petroleum logistics.




