Business
അത്യാധുനിക വാഹനങ്ങള്‍ക്കായി 'ഗ്യാസോലിന്‍ 98' അവതരിപ്പിച്ച് സഊദി അരാംകോ
അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളുടെ എന്‍ജിന്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭകരമാക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരാംകോയുടെ നീക്കം.
റിയാദ് | സഊദി അറേബ്യയിലെ ഇന്ധന വിപണിയില്‍ പുതിയ വിപ്ലവത്തിനൊരുങ്ങി സഊദി അരാംകോ. അത്യാധുനിക എന്‍ജിനുകളുള്ള സ്‌പോര്‍ട്‌സ് കാറുകള്‍ക്കും പ്രീമിയം വാഹനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ‘ഗ്യാസോലിന്‍ 98’ 2026 തുടക്കം മുതല്‍ രാജ്യത്ത് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളുടെ എന്‍ജിന്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭകരമാക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരാംകോയുടെ പുതിയ നീക്കം. നിലവിലുള്ള ഇന്ധനങ്ങള്‍ക്ക് പുറമെ ഒരു അധിക പ്രീമിയം ഓപ്ഷനായിട്ടായിരിക്കും ഗ്യാസോലിന്‍ 98 വിതരണം ചെയ്യുക.
ആദ്യ ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ കൂടുതലായുള്ള റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളിലും ഇവയെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിലുമാണ് വിതരണം ആരംഭിക്കുന്നത്. വിപണിയിലെ ആവശ്യകത വിലയിരുത്തി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. പുതിയ ഇന്ധനത്തിന്റെ വിപണി വില സംബന്ധിച്ച വിവരങ്ങള്‍ അരാംകോയുടെ വെബ്സൈറ്റിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും.
അത്യാധുനിക ഗതാഗത സൗകര്യങ്ങളിലേക്ക് സഊദി അറേബ്യ മാറുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ധന വിതരണ രംഗത്തും ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്.




