Saudi Arabia
റമസാന്‍ തിരക്ക് നേരിടാന്‍ സഊദി വിമാനത്താവളങ്ങള്‍ സജ്ജം; അത്യാധുനിക സൗകര്യങ്ങളുമായി മാറ്റാറാത്ത് ഹോള്‍ഡിംഗ്
രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മാറ്റാറാത്ത്, തീര്‍ഥാടകര്‍ക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
റിയാദ് | വിശുദ്ധ റമസാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടകരുടെയും യാത്രക്കാരുടെയും വന്‍ തിരക്ക് കണക്കിലെടുത്ത് സഊദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ സജ്ജമായതായി മാറ്റാറാത്ത് (MATARAT) ഹോള്‍ഡിംഗ് അറിയിച്ചു. രാജ്യത്തെ 27 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന മാറ്റാറാത്ത്, തീര്‍ഥാടകര്‍ക്ക് സുഗമവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉംറ സീസണിന്റെ ഏറ്റവും തിരക്കേറിയ സമയമായതിനാല്‍, യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും വിന്യസിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രോട്ടോക്കോളുകളും പരിഷ്‌കരിച്ചിട്ടുണ്ട്. ടെര്‍മിനലുകളിലെ യാത്രക്കാരുടെ തിരക്ക് കുറക്കുന്നതിനായി ഫീല്‍ഡ് മോണിറ്ററിംഗ് സംവിധാനം ശക്തമാക്കി. സഊദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
റമസാന്‍ മാസത്തില്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ തങ്ങളുടെ യാത്ര പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും 24 മണിക്കൂറും ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.



