Connect with us

Kerala

മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ

മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ 2016 ജൂണ്‍ 28 ന് പുലര്‍ച്ചെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.

Published

|

Last Updated

മലപ്പുറം| മങ്കട സദാചാര കൊലക്കേസില്‍ 5 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ 2016 ജൂണ്‍ 28 ന് പുലര്‍ച്ചെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (40), സഹോദരന്‍ ഷറഫുദ്ദീന്‍ (33), പട്ടിക്കുത്ത് മുഹമ്മദ് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന്‍ (43) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ആറുമുതല്‍ എട്ടുവരെ പ്രതികളായ ചെണ്ണേക്കുന്നന്‍ ഷഫീഖ് (34), മുക്കില്‍പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുല്‍നാസര്‍ (35) എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി കഴിഞ്ഞ ദിവസം വെറുതേവിട്ടിരുന്നു.

കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ആള്‍ക്കൂട്ട മര്‍ദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 3, 5 പ്രതികള്‍ക്ക് തെളിവ് നശിപ്പിച്ചതിന് 2 വര്‍ഷം കഠിന തടവും വിധിച്ചു. ഈ കൊലപാതകം ആള്‍ക്കൂട്ടക്കൊലയ്ക്കും ഭീകരവാദത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

അമ്മയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് തങ്ങളെന്നും അതിനാല്‍ തങ്ങള്‍ക്ക് ശിക്ഷയില്‍ പരമാവധി ഇളവുനല്‍കണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആള്‍ക്കൂട്ട ആക്രമണമെന്ന കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ പിജി.മാത്യു വാദിച്ചു.

2016 ജൂണ്‍ 28-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സദാചാര പോലീസ് ചമഞ്ഞ് മങ്കട കൂട്ടില്‍ നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ യുവതിയുടെ വീട്ടില്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദനം. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നായിരുന്നു പ്രതികള്‍ നസീറിനെ മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം അക്രമികള്‍ തന്നെ ഫോണ്‍ വിളിച്ചാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. സഹോദരനായ നവാസും നാട്ടുകാരും സ്ഥലത്തെത്തി നസീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ആരെയും അടുപ്പിച്ചിരുന്നില്ല. നസീറിന്റെ തലയ്ക്ക് ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ടായിരുന്നു. മാത്രമല്ല രണ്ട് കൈകളും തോള്‍ മുതല്‍ വിരല്‍ വരെയും പ്രതികള്‍ അടിച്ച് തകര്‍ത്തിരുന്നു.

 

---- facebook comment plugin here -----

Latest