Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് ജാമ്യം

ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല.

Published

|

Last Updated

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ജാമ്യം കിട്ടിയത്. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല.

2025 നവംബര്‍ 20നാണ് എ പത്മകുമാര്‍ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച പത്മകുമാറിന്റെ അറിവോടെയാണെന്നായിരുന്നു പ്രത്യേ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ മാര്‍ച്ച് 31നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബോറട്ടറിയില്‍ നിന്ന് സ്വര്‍ണപ്പാളികളുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി സിഎസ് ഹരിയെ ആണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ നിയമിച്ചത്. 30 ദിവസത്തിനുള്ളില്‍ ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. കേസ് കോടതി മാര്‍ച്ച് 26ന് വീണ്ടും പരിഗണിക്കും.

 

 

 

Latest