National
വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ മാറ്റത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ; രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കും
പുതിയ ചട്ടപ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയാൽ പത്ത് ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാർ വധൂവരന്മാരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണം. അപേക്ഷ നൽകി 30 ദിവസത്തെ വെരിഫിക്കേഷൻ നടപടികൾക്ക് ശേഷമേ വിവാഹം രജിസ്റ്റർ ചെയ്യുകയുള്ളൂ.
ഗാന്ധിനഗർ | ഗുജറാത്തിൽ വിവാഹ രജിസ്‌ട്രേഷൻ നടപടികളിൽ വിപുലമായ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ വധൂവരന്മാരുടെ രക്ഷിതാക്കളുടെ സാന്നിധ്യവും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കുമെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ അറിയിച്ചു. ‘ലവ് ജിഹാദ്’ ഉൾപ്പെടെ ചൂഷണങ്ങൾ തടയുന്നതിനും സനാതന ആചാരങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ നീക്കമെന്നാണ് വിശദീകരണം.
പുതിയ ചട്ടപ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയാൽ പത്ത് ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാർ വധൂവരന്മാരുടെ രക്ഷിതാക്കളെ വിവരം അറിയിക്കണം. അപേക്ഷ നൽകി 30 ദിവസത്തെ വെരിഫിക്കേഷൻ നടപടികൾക്ക് ശേഷമേ വിവാഹം രജിസ്റ്റർ ചെയ്യുകയുള്ളൂ.
തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്ന സാമൂഹിക വിരുദ്ധരെ തടയാൻ ഈ നിയമം സഹായിക്കുമെന്ന് ഹർഷ് സംഘവി പറഞ്ഞു. പ്രണയവിവാഹങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ വഞ്ചനയും ഭീഷണിയും ഉപയോഗിച്ചുള്ള വിവാഹങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമ പരിഷ്കരണത്തിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്ന് 30 ദിവസത്തിനകം നിർദ്ദേശങ്ങളും പരാതികളും സർക്കാർ ക്ഷണിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സംഘടനകളുമായി ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് നിയമമന്ത്രി കൗശിക് വെകാരിയ വ്യക്തമാക്കി.



