editorial
സഞ്ജയ് ഗാന്ധി, സിന്ധ്യ, അജിത് പവാർ...
അന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നതുവരെ സംശയങ്ങളും ദുരൂഹതയും നിലനില്‍ക്കും. മമതാ ബാനര്‍ജി പറഞ്ഞതു പോലെ സന്ദേഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം തീര്‍ത്തും നിഷ്പക്ഷമായിരിക്കണം. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കോ ഭരണകൂട സമ്മര്‍ദങ്ങള്‍ക്കോ വഴങ്ങാത്ത സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണം.
നടുക്കമുളവാക്കുന്നതാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ദാരുണ മരണം. ഇന്നലെ പുലര്‍ച്ചെ മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് അജിത് പവാര്‍ മരണപ്പെട്ടത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ വെച്ച് തകരുകയും തീഗോളമായി മാറുകയുമായിരുന്നു. വിമാനം രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമം നടത്തിയതായാണ് വിവരം. ആദ്യ തവണ റണ്‍വേ വ്യക്തമായി കാണാത്ത സാഹചര്യത്തില്‍ വിമാനം ഒന്നു കൂടി ആകാശത്ത് ചുറ്റിയാണ് രണ്ടാമത് ലാന്‍ഡിംഗിനെത്തിയത്. പൈലറ്റടക്കം അജിത്തിനോടൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റു നാല് പേരും കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയിലെ കരുത്തനും തന്ത്രജ്ഞനുമായ നേതാവാണ് അജിത് പവാര്‍. എന്നും വിവാദങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു അദ്ദേഹം. എന്‍ സി പി നേതാവ് ശരദ് പവാറിന്റെ അനന്തരവനും വലംകൈയുമായിരുന്ന അജിത്, എന്‍ സി പി പിളര്‍ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറില്‍ ചേര്‍ന്ന സംഭവം സംസ്ഥാന രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്നു. 2023 ജൂലൈ രണ്ടിന് എന്‍ സി പിയിലെ 53 എം എല്‍ എമാരില്‍ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറി നടത്തിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാര്‍ നേതൃത്വം നല്‍കുന്നതിനിടെയായിരുന്നു ഈ കൂടുമാറ്റം. ശരദ് പവാറിന്റെ നിഴലില്‍ വളര്‍ന്ന് സ്വന്തമായൊരു രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുത്ത അജിത്തിന്റെ വഴിപിരിയല്‍ ശരദ് പവാറിനും എന്‍ സി പിക്കും വലിയ തിരിച്ചടിയായിരുന്നു.
1991ല്‍ ബാരാമതി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അധികാര രാഷ്ട്രീയത്തിലേക്കുള്ള അജിത്തിന്റെ കാല്‍വെപ്പ്. എങ്കിലും ശരദ് പവാറിന് കേന്ദ്ര മന്ത്രിയാകാന്‍ വേണ്ടി അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞു കൊടുത്തു. 1991- 2026 കാലങ്ങളില്‍ തുടര്‍ച്ചയായി ബാരാമതിയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ (അഞ്ച് തവണ) ഉപമുഖ്യമന്ത്രി പദവി വഹിച്ച നേതാവുമാണ് അജിത് പവാര്‍. ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള കഴിവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചക്ക് നിദാനം.
ഇന്ത്യന്‍ രാഷ്ട്രീയത്തെ നടുക്കിയ വിമാന ദുരന്തങ്ങള്‍ക്ക് രാജ്യം നേരത്തേയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന മാധവറാവു സിന്ധ്യ, ലോക്‌സഭാ സ്പീക്കറായിരുന്ന ഡോ. ജി എം സി ബാലയോഗി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മേഘാലയയിലെ ഗ്രാമവികസന മന്ത്രിയായിരുന്ന സി സാഗ്മ, അരുണാചല്‍ മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡു എന്നിവര്‍ വിമാന ദുരന്തത്തിന്റെ ഇരകളാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് മമതയുടെ ആവശ്യം.
മറ്റൊരു അന്വേഷണ ഏജന്‍സിയിലും വിശ്വാസമില്ലെന്നും എല്ലാ കേന്ദ്ര ഏജന്‍സികളിലും വിശ്വാസം നഷ്ടപ്പെട്ടതായും മമത വ്യക്തമാക്കി. വിമാനാപകടവുമായും അജിത് പവാറിന്റെ മരണവുമായും ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പല സംശയങ്ങളും (ഗൂഢാലോചന) പ്രകടിപ്പിക്കപ്പെടുന്നുണ്ട്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. എന്‍ സി പിയിലെ പിളര്‍പ്പിനു ശേഷം അജിത് പവാര്‍ കൈക്കൊണ്ട പല നടപടികളും രാഷ്ട്രീയമായി പലര്‍ക്കും വെല്ലുവിളിയായിരുന്നു. ഇതാണ് ഗൂഢാലോചനാ സന്ദേഹത്തിനു പിന്നില്‍. എന്‍ജിന്‍ തകരാറാണ് അപകടത്തിനു കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
അതേസമയം ഉപമുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തിന്റെ സുരക്ഷാ പരിശോധന കാര്യക്ഷമമായിരുന്നോ, പരിശോധനയില്‍ വീഴ്ച സംഭവിച്ചോ, വിമാനത്തിന്റെ സാങ്കേതിക നിലവാരം തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അട്ടിമറി സാധ്യത സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ആ വഴിക്കും അന്വേഷണം നടക്കുന്നതായും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ് ഐ ടി) രംഗത്തു വന്നതായും വാര്‍ത്തയുണ്ട്.
അന്വേഷണ റിപോര്‍ട്ട് പുറത്തുവരുന്നതുവരെ സംശയങ്ങളും ദുരൂഹതയും നിലനില്‍ക്കും. മമതാ ബാനര്‍ജി പറഞ്ഞതു പോലെ സന്ദേഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം തീര്‍ത്തും നിഷ്പക്ഷമായിരിക്കണം. രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കോ ഭരണകൂട സമ്മര്‍ദങ്ങള്‍ക്കോ വഴങ്ങാത്ത സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണം. രാജ്യത്ത് ഉയര്‍ന്ന പദവികളിലിരിക്കുന്നവരുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ എത്രമാത്രം വിശ്വസനീയമാണെന്ന ചോദ്യം കൂടി ഉയര്‍ത്തുന്നുണ്ട് ഇത്തരം അപകടങ്ങള്‍.



