Connect with us

KODIYERI PRESS MEET

സന്ദീപിന്റെ കൊല; ആര്‍ എസ് എസ് ആസൂത്രിതമായി നടപ്പാക്കിയത്- കോടിയേരി

തലശ്ശേരിയിലെ ആര്‍ എസ് എസ് പ്രകടനം മുസ്ലിങ്ങള്‍ക്കെതിരായ കലാപ ആഹ്വാനം; വഖ്ഫ് വിഷയവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയത് പള്ളികള്‍ കേന്ദ്രീകരിച്ച് ഒരു കലാപ ശ്രമം

Published

|

Last Updated

തിരുവനന്തപുരം | തിരുവല്ലയില്‍ സി പി എം പ്രാദേശിക നേതാവായ സന്ദീപിന്റെ കൊലപാതകം ആര്‍ എസ് എസ്, ബി ജെ പി ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വളര്‍ന്ന് വരുന്ന ഒരു യുവനേതാവിനെയാണ് ഇല്ലാതാക്കിയത്. ഇതിന്റെ ഗൂഢാലോചന കണ്ടെത്താന്‍ ഒരു ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. എല്‍ ഡി എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയ ശേഷം 20 സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 15 പേരെ കൊന്നത് ആര്‍ എസ് എസാണ്. വിവിധ പാര്‍ട്ടികളുടെ ആക്രമണത്തില്‍ 582 സി പി എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകം നടത്തി സി പി എമ്മിനെ ഇല്ലാതാക്കാമെന്നാണ് കരുതിയതെങ്കില്‍ അത് നടക്കില്ല. ആര്‍ എസ് എസ് കൊലപാതക സംഘത്തെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്തണം. കൊലക്ക് പകരം കൊല സി പി എം നയമല്ലെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായാ സംഘ്പരിവാര്‍ ആക്രമണം വര്‍ധിച്ചുവരുകയാണ്. പശു സംരക്ഷണം, ലൗ ജിഹാദ് മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ ആക്രമണങ്ങള്‍. ഉത്തരപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ മഥുര കേന്ദ്രീകരിച്ച് വ്യാപകമായി സംഘര്‍ഷ നീക്കം നടക്കുകയാണ്. ഡിസംബര്‍ ഏഴിന് കേരളത്തില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും.

ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്താനാണ് സി പി എം ശ്രമിക്കുന്നത്. ഡിസംബര്‍ ഒന്നിന് തലശ്ശേരിയില്‍ ആര്‍ എസ് എസ് നടത്തിയ പ്രകടനം മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരായ കലാപത്തിനുള്ള ആഹ്വാനമാണ്. ഇതിനെതിരായി എസ് ഡി പി ഐ രംഗത്തിറങ്ങി. രണ്ട്കൂട്ടരും വര്‍ഗീയ ധ്രുവീകണം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്ക മുസ്ലിം സംഘടനകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചാകും നിയമനം പി എസ് സിക്ക് വിടുക. എന്നാല്‍ ഇതിന്റെ മറവില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ഒരു കലാപ ശ്രമമാണ് ലീഗ് നടത്തിയത്. ഇത് തെറ്റാണെന്ന നിലപാട് സമസ്ത സ്വീകരിച്ചു. സമസ്തയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ലീഗ് പള്ളികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുമ്പോള്‍ ആര്‍ എസ് എസ് ക്ഷേത്രങ്ങളെ രാഷ്ട്രീയത്തിന് ഉപയോഗിക്കുമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിക്കുകയാണ്. എല്‍ ഡി എഫ് അധികാരത്തിലുള്ളപ്പോള്‍ വികസനം വേണ്ട എന്ന നിലപാടാണ് ഇവര്‍ക്ക്, കെ റെയില്‍ പദ്ധതിക്കെതിരായ പ്രചരണം ഇതാണ് തെളിയിക്കുന്നത്. യു ഡി എഫാണ് ഹൈ സ്പീഡ് റെയിലിന് വിഭാവനം ചെയ്തപ്പോള്‍ എല്‍ ഡി എഫ് സെമി ഹൈ സ്പീഡ് റെയിലാണ് വിഭാവനം ചെയ്തത്. ഒരാളെയും കണ്ണീര്‍ കുടിപ്പിക്കാതെ കെ റെയില്‍ നടപ്പാക്കാനാണ് എല്‍ ഡി എഫ് നിലപാട്.

വികസനം എതിര്‍ക്കുന്ന നിലപാടുകളെ തുറന്നുക്കാട്ടാനുള്ള പ്രചാരണം പാര്‍ട്ടി തുടങ്ങുമെന്നും കോടിയേരി പറഞ്ഞു. സന്ദീപിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന ആര്‍ എസ് എസ് പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗാന്ധിജിയെ കൊന്നതും ആര്‍ എസ് എസ് അംഗീകരിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.