Editors Pick
മൂന്നായി മടക്കാവുന്ന സാംസംഗ് സ്മാർട്ട് ഫോൺ അടുത്ത മാസം ഒൻപതിന് അവതരിപ്പിക്കും; വില ഇത്രയാകും
സാംസങ്ങിന്റെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ ഒക്ടോബറിൽ വിപണിയിലെത്തും

മൂന്നായി മടക്കാവുന്ന ഹുവായി സ്മാർട്ട് ഫോൺ (huawei_mate_xt_ultimate)
മൂന്നായി മടക്കാവുന്ന സാംസംഗ് സ്മാർട്ട് ഫോൺ അടുത്ത മാസം ഒൻപതിന് ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. സാംസങ്ങിന്റെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോണായിരിക്കും ഇത്. പുതിയ Galaxy Z Fold 7, Galaxy Z Flip 7 ഫോൾഡബിൾ ഫോണുകൾക്കൊപ്പമാകും ട്രൈ ഫോൾഡ് ഫോണും അവതരിപ്പിക്കുക. ഗ്യാലക്സി വാച്ച് എട്ട് സീരീസും ഇതോടൊപ്പം അവതരിപ്പിക്കുമെന്ന് ടിപ്സ്റ്റർ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
സാംസങ് ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അടുത്ത ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റിൽ അവതരിപ്പിക്കുമെങ്കിലും, ഈ വർഷം അവസാനത്തോടെയാകും ഇത് വിപണിയിൽ എത്തുക എന്നാണ് സൂചന. ഈ വർഷം ആദ്യം നടന്ന ആദ്യ ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റിൽ ഗ്യാലക്സി എസ് 25 എഡ്ജിന്റെ വരവ് സാംസങ് ടീസറിൽ കാണിച്ചിരുന്നു. ഈ സ്മാർട്ട്ഫോൺ മെയ് മാസത്തിലാണ് വിൽപ്പനയ്ക്കെത്തിയത്. സമാനമായി, ഗ്യാലക്സി ട്രൈ-ഫോൾഡ് ഫോൺ ഒക്ടോബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ടിപ്സ്റ്റർ പ്രവചിക്കുന്നത്.
ഗ്യാലക്സി ട്രൈ-ഫോൾഡ് ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സാംസങ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വ്യാപാര പ്രദർശനങ്ങളിൽ നിരവധി ഫോൾഡബിൾ പ്രോട്ടോടൈപ്പുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. Flex Slidable, Flex S, Flex G കൺസെപ്റ്റ് പാനലുകൾ ഇതിൽ ഉൾപ്പെടുന്നു. സമീപകാല റിപ്പോർട്ട് അനുസരിച്ച്, Galaxy G Fold-ന് 3,000 ഡോളറിന് മുകളിൽ (ഏകദേശം 2.56 ലക്ഷം രൂപ) വില വരും. കൂടാതെ ഒരു സിലിക്കൺ-കാർബൺ ബാറ്ററിയും ഇതിൽ ഉണ്ടാകുമെന്നും പറയുന്നു.
ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് എന്ന ആദ്യത്തെ വാണിജ്യ ട്രൈ-ഫോൾഡ് ഫോൺ പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷമാണ് സാംസങ്ങിന്റെ ട്രിപ്പിൾ ഫോൾഡിംഗ് ഫോൺ എത്തുന്നത്.