Editorial
ഡോക്ടര്‍മാരുടെ സുരക്ഷ പ്രധാനം; രോഗികളോടുള്ള സമീപനവും
ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്നലെ മന്ത്രിസഭ അംഗീകാരം നല്‍കി. 2012ലെ നിയമത്തില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ബില്‍ തയ്യാറാക്കിയത്. ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്ത ശിക്ഷ.

ആരോഗ്യ പ്രവര്‍ത്തകരുടെയും ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കുന്ന നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് സംസ്ഥാനത്ത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്നലെ മന്ത്രിസഭ അംഗീകാരം നല്‍കി. 2012ലെ നിയമത്തില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ ബില്‍ തയ്യാറാക്കിയത്. ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്ത ശിക്ഷ. നേരത്തേ ഇത് മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമായിരുന്നു. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് കരട് ഭേദഗതി തയ്യാറാക്കിയത്.
ചികിത്സാ ഫലം തങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി വരുമ്പോള്‍, ഡോക്ടര്‍മാരുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് രോഷാകുലരായ രോഗികളും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ നടത്തുന്ന ആക്രമണങ്ങള്‍ ആരോഗ്യ മേഖലയിൽ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം ഇത്തരം ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 75 ശതമാനത്തോളം ഡോക്ടര്‍മാര്‍ ആശുപത്രി പരിസരത്തുവെച്ച് മാനസികമോ ശാരീരികമോ ആയ പീഡനങ്ങള്‍ നേരിടുന്നുണ്ട്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതും രോഗികളെ തന്നെ പ്രതികൂലമായി ബാധിക്കുന്നതുമാണ് ഈ പ്രവണത. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം ഇത് നഷ്ടമാക്കുകയും ആരോഗ്യ-പരിചരണ വ്യവസ്ഥയെത്തന്നെ താളം തെറ്റിക്കുകയും ചെയ്യും. ഡോക്ടര്‍മാര്‍ അവരുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുകയും അപകട സാധ്യതയുള്ള കേസുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്യും. പല ആരോഗ്യ പ്രവര്‍ത്തകരും സ്വദേശം വിട്ട് വിദേശത്ത് ജോലിക്കു പോകുന്നത് സാമ്പത്തിക നേട്ടം മാത്രം മുന്‍വെച്ചല്ല, സുരക്ഷിതമായ ജോലി നിര്‍വഹണം കൂടി ആഗ്രഹിക്കുന്നത് കൊണ്ടാണ്. ഈ സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാനം.
ഡോക്ടര്‍മാരോ ആശുപത്രി ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ് ഐ ആര്‍ ഇടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ഡിസംബറിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ നിയമ നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന ബോധ്യം സമൂഹത്തിനുണ്ടായെങ്കില്‍ മാത്രമേ ആക്രമണ പ്രവണതക്ക് അറുതി വരുത്താനാകൂ എന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസറും നിരീക്ഷിക്കുകയുമുണ്ടായി.
അതേസമയം, ഡോക്ടര്‍മാരുടെ അശ്രദ്ധയും ചികിത്സാ പിഴവും വീഴ്ചയും അവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന കാര്യവും ഓര്‍ത്തിരിക്കേണ്ടതുണ്ട്. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ് ചികിത്സ. ഇതൊരു കേവല തൊഴിലല്ല, ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. തന്റെ മുമ്പിലിരിക്കുന്ന രോഗിയില്‍ സ്വന്തം പിതാവിനെയോ മാതാവിനെയോ മകനെയോ മകളെയോ ആണ് ഡോക്ടര്‍ കാണേണ്ടത്. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോണ്‍വെക്കേഷന്‍ ചടങ്ങില്‍ സംസാരിക്കവെ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാല്‍ നല്‍കിയ ഉപദേശങ്ങള്‍ ശ്രദ്ധേയമാണ്. കരുണ മുഖമുദ്രയാക്കുകയെന്നായിരുന്നു പുതുതായി സേവന രംഗത്തിറങ്ങുന്ന ഡോക്ടര്‍മാരോട് അദ്ദേഹത്തിന്റെ മുഖ്യ ഉപദേശം.
“മാന്യമായിരിക്കണം രോഗികളോടുള്ള പെരുമാറ്റം. കാണാനെത്തുന്ന രോഗിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണം. മാന്യമായ പെരുമാറ്റം രോഗിക്ക് ഡോക്ടറിലുള്ള വിശ്വാസവും പ്രതീക്ഷയും വര്‍ധിപ്പിക്കും. ഡോക്ടറുടെ മനസ്സ് തുറന്നുള്ള പുഞ്ചിരിയോ സാന്ത്വന സ്പര്‍ശമോ മതിയാകും ഒരു രോഗിയുടെ തകര്‍ന്ന മനസ്സിന് ഉത്തേജനം പകരാനും ആരോഗ്യത്തിലേക്ക് നയിക്കാനും. ഒരു യുവ ഡോക്ടര്‍ക്ക്, വാര്‍ധക്യസഹജമായ രോഗം മൂലം അവശത അനുഭവിക്കുന്നവര്‍ക്ക് മകന്റെയോ മകളുടെയോ സാമീപ്യം പകര്‍ന്നു കൊടുക്കാനാകും. ശരിയായ ചികിത്സ ലഭിക്കുകയെന്നത് ഒരു രോഗിയുടെ അവകാശമാണ്. രോഗമറിഞ്ഞ് ചികിത്സിക്കുകയെന്നത് ഡോക്ടറുടെ കടമയും. രോഗി രോഗവിവരം പറഞ്ഞു തുടങ്ങുമ്പോഴേക്ക് തന്നെ മരുന്ന് കുറിക്കുന്നവരും വിവിധ ടെസ്റ്റുകള്‍ക്കു വേണ്ടി കുറിപ്പെഴുതുന്നവരും മറ്റെന്തോ കാര്യം മുന്നില്‍ കണ്ട് തിരക്കിട്ട് രോഗിയെ ഒഴിവാക്കി വിടുന്നവരുമുണ്ട് ഡോക്ടര്‍മാര്‍ക്കിടയില്‍. ഇത് ശരിയായ പ്രവണതല്ല. സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് ചികിത്സകര്‍ക്ക്’- അദ്ദേഹം ഓര്‍മിപ്പിച്ചു.
മെഡിസിന്‍ ശാസ്ത്രമാണെങ്കിലും അതിന്റെ പ്രയോഗം ഒരു കലയാണ്. രോഗപരിഹാരത്തില്‍ പ്രധാന ഘടകമാണ് ഡോക്ടറുടെ നല്ല സമീപനവും പെരുമാറ്റവും രോഗിക്ക് നല്‍കുന്ന ആത്മവിശ്വാസവും. ഇത് പഠനങ്ങള്‍ തെളിയിച്ചതുമാണ്. സേവനം കൂടിയാണ് ചികിത്സ. സാമൂഹിക പ്രതിബദ്ധത അനിവാര്യമാണ് ഡോക്ടര്‍മാര്‍ക്ക്. കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ് പ്രമുഖ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാര്‍ അടിയന്തര ശസ്ത്രക്രിയക്കായി മൂന്ന് കിലോമീറ്റര്‍ ദൂരം ബെംഗളൂരു നഗരവീഥിയിലൂടെ നടത്തിയ ഓട്ടം. സര്‍ജാര്‍പുര മണിപ്പാല്‍ ആശുപത്രിയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ ദൂരം ബാക്കിയുള്ളപ്പോള്‍ ഡോക്ടറുടെ കാര്‍ ഗതാഗത കുരുക്കില്‍ പെട്ടു. സാധാരണഗതിയില്‍ അവിടെ നിന്ന് ആശുപത്രിയിലെത്താന്‍ പത്ത് മിനുട്ട് മതിയാകും. ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ 45 മിനുട്ട് വേണ്ടി വരുമെന്ന് മനസ്സിലായ ഡോക്ടര്‍ ശസ്ത്രക്രിയ വൈകാതിരിക്കാനായി കാര്‍ ഡ്രൈവറെ ഏല്‍പ്പിച്ച് ട്രാഫിക് ബ്ലോക്കിനെ മറികടക്കാന്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ആരോഗ്യ പ്രവര്‍ത്തകര്‍ ഒരിക്കലും ആക്രമണത്തിന് വിധേയരാകുകയില്ല.