Kerala
ശബരിമലയിലെ ട്രാക്ടര്‍ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്
ശബരിമലയിലെ നിയമങ്ങള്‍ അജിത് കുമാര്‍ ലംഘിച്ചുവെന്നും ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം | ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്ന അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങള്‍ അജിത് കുമാര്‍ ലംഘിച്ചുവെന്നും ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.