Editorial
വിദ്യാഭ്യാസ മേഖലയില്‍ ആര്‍ എസ് എസ് കടന്നുകയറ്റം
സ്വതന്ത്രമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വകലാശാലകളുടെ സ്വയംഭരണത്തിനും കത്തിവെക്കുന്ന നീക്കങ്ങള്‍ രാജ്യത്തിന്റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ്.

ആര്‍ എസ് എസ് പോഷക സംഘടനയായ “ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസി’ന്റെ നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ സമ്മേളനം നടക്കുകയാണ് ജൂലൈ 25 മുതല്‍ 28 വരെ കൊച്ചിയില്‍. വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാര്‍ഗദര്‍ശികളായ സ്വാഗത സംഘമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ആര്‍ എസ് എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ പ്രമുഖ സംഘ്പരിവാര്‍ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയിലെ മുഖ്യ ഇനമാണ് 28ന് ഇടപ്പള്ളി അമൃത വിശ്വവിദ്യാ പീഠത്തില്‍ നടക്കുന്ന സര്‍വകലാശാല ദേശീയ സമ്മേളനം.
മതേതര നിലപാടില്‍ അധിഷ്ഠിതമായ നിലവിലെ വിദ്യാഭ്യാസ രീതിക്കു പകരം ഹിന്ദുത്വയില്‍ ഊന്നിയുള്ള വിദ്യാഭ്യാസ ബദല്‍ മാതൃകക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് “ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്’. കേന്ദ്ര സര്‍ക്കാറിന്റെ വിവാദമായ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളെ ലക്ഷ്യമിട്ടാണ് കൊച്ചിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും തമിഴ്‌നാട്ടിലും സമാനമായ പരിപാടി സംഘടിപ്പിക്കാന്‍ ആര്‍ എസ് എസിന് പദ്ധതിയുണ്ടെന്നുമാണ് മാധ്യമ റിപോര്‍ട്ടുകൾ. സര്‍വകലാശാലകളിലെ ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രയോഗത്തിനെതിരെ കേരള സര്‍ക്കാറും വിദ്യാര്‍ഥി- യുവജന സംഘടനകളും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍ എസ് എസ് പരിപാടിയെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറില്‍ തുടങ്ങാനിരിക്കുന്ന ആര്‍ എസ് എസിന്റെ ശതാബ്ദി വാര്‍ഷികാചരണത്തിലെ പ്രധാന അജന്‍ഡകളിലൊന്നാണ് വിദ്യാഭ്യാസ മേഖലയിലെ ഇടപെടല്‍.
വിദ്യാഭ്യാസ രംഗത്ത് ആര്‍ എസ് എസിന്റെ കൈകടത്തല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പരോക്ഷമായി കോണ്‍ഗ്രസ്സ് ഭരണകാലത്ത് തന്നെയുണ്ട് വിദ്യാഭ്യാസ പരിസരത്തെ കാവിവത്കരണത്തിനുള്ള അവരുടെ ശ്രമം. തീവ്രവാദ പ്രസ്ഥാനമെങ്കിലും സാംസ്‌കാരിക സംഘടനാ ലേബലിലാണ് അവരുടെ പ്രവര്‍ത്തനം. ഗാന്ധിവധത്തെ തുടര്‍ന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആര്‍ എസ് എസിന്, സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രീയ രംഗത്ത് നിന്നു വിട്ടുനില്‍ക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ് ഭായ് പട്ടേല്‍ നിരോധം നീക്കി പ്രവര്‍ത്തനാനുമതി നല്‍കിയത്. തുടര്‍ന്ന് കുറേക്കാലം പ്രത്യക്ഷത്തില്‍ സാംസ്കാരിക മേഖലയില്‍ ഒതുങ്ങി പ്രവര്‍ത്തനം. ബി ജെ പിയുടെ ആദ്യപതിപ്പായ ജനസംഘത്തിന്റെ കാലത്തും ബി ജെ പി രൂപവത്കരണാനന്തരമുള്ള ഏതാനും വര്‍ഷക്കാലവും പിന്നില്‍ നിന്ന് ചരടുവലിച്ചതല്ലാതെ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെട്ടിരുന്നില്ല ആര്‍ എസ് എസ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് മറനീക്കി രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വന്നതും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കൈവെക്കാന്‍ തുടങ്ങിയതും. എല്‍ കെ അഡ്വാനിയെയും മുതിര്‍ന്ന മറ്റു ബി ജെ പി നേതാക്കളെയും മറികടന്ന് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള ചരടുവലികള്‍ നടത്തിയത് ആര്‍ എസ് എസ് ആയതിനാല്‍ ഭരണ മേഖലയിലെ അവരുടെ കടന്നു കയറ്റം നിയന്ത്രിക്കാന്‍ മോദിക്ക് സാധിക്കുകയുമില്ല.
ഉന്നത വിദ്യാഭ്യാസ- ചരിത്ര ഗവേഷണ മേഖലകളിലാണ് തുടക്കത്തില്‍ ആർ എസ് എസ് കൈവെക്കാന്‍ തുടങ്ങിയത്. വിദ്യാഭ്യാസ നയം രൂപവത്കരിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ പട്ടികയില്‍ ആര്‍ എസ് എസ് മുഖപത്രത്തിന്റെ മുന്‍പത്രാധിപര്‍ ബല്‍ദേവ് ശര്‍മ ഉള്‍പ്പെട്ടത്, ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തലപ്പത്ത് ചരിത്ര ഗവേഷണവുമായി ഒരു ബന്ധവുമില്ലാത്ത ആര്‍ എസ് എസ് സഹയാത്രികന്‍ സുദര്‍ശന റാവുവിന്റെ നിയമനം, മതേതര ചിന്താഗതിക്കാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ചരിത്ര കൗണ്‍സിലിന്റെ ഉപദേശക സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടി, തീവ്ര ആര്‍ എസ് എസുകാരനായ ഡോ. ജഗദീഷ് കുമാര്‍ ജെ എന്‍ യു വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്, സര്‍വകലാശാല സിലബസില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും കടന്നു കൂടിയത്- ആര്‍ എസ് എസ് നേതൃത്വം തയ്യാറാക്കിയ പദ്ധതികളായിരുന്നു എല്ലാം. എന്‍ സി ഇ ആര്‍ ടിയിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലും ആർ എസ് എസ് സഹയാത്രികരും ഹിന്ദുത്വ ആശയങ്ങളും ഇരച്ചു കയറി.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യു ജി സിയുടെ പുതിയ ചട്ടവും ആര്‍ എസ് എസ് ആസൂത്രണമായി വേണം കാണാന്‍. ബി ജെ പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സലര്‍ നിയമനം തര്‍ക്കമായ സാഹചര്യത്തിലാണ് യു ജി സി പുതിയ ചട്ടം കൊണ്ടുവന്നതെന്നത് ശ്രദ്ധേയം. സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ചട്ടം. സര്‍വകലാശാലകളുടെ ഹിന്ദുത്വവത്കരണത്തിന് ആക്കം കൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്ക് സര്‍വകലാശാല അധികൃതര്‍ നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വെട്ടി മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആര്‍ എസ് എസുകാരെ തിരുകിക്കയറ്റിയതും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള തലശ്ശേരി ബ്രണ്ണന്‍ കോളജിലെ പി ജി കോഴ്‌സില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതും മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നല്ലോ. ഇത്തരം നീക്കങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍മാർക്ക് കൂടുതല്‍ ഊർജം പകരുകയും ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്കു സഹായകമായ പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിക്കുകയുമായിരിക്കണം കൊച്ചിയിലെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിലുടെ ആർ എസ് എസ് ലക്ഷ്യമിടുന്നത്. സ്വതന്ത്രമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വകലാശാലകളുടെ സ്വയംഭരണത്തിനും കത്തിവെക്കുന്ന ഇത്തരം നീക്കങ്ങള്‍ രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ്.