Connect with us

Editors Pick

വെറും പച്ചവെള്ളത്തിൽ ചോറുണ്ടാക്കാം; അഗോണിബോറയെ അറിയുമോ?

പ്രത്യേക സൌരഭ്യമുള്ളതും നീണ്ടു നേർത്തതുമായ അരിയാണ് അഗോണിബോറ. വളരെ മൃദുവായ ഘടനയുള്ള ഇതിന് നല്ല രുചിയുമുണ്ട്. ചുരണ്ടിയെടുത്ത തേങ്ങാപ്പീരയുടേ ഇളം മധുരവും ഏലക്കായുടെയുടേതുപോലുള്ള സുഗന്ധവുമെന്നാണ് ഇത് കഴിച്ചവരുടെ സാക്ഷ്യം.

Published

|

Last Updated

പച്ചവെള്ളത്തില്‍ അരി കുതിരാനിട്ട് അപ്പവും ദോശയുമൊക്കെയുണ്ടാക്കുന്നതും പുട്ടിനും പത്തിരിക്കും പൊടിക്കുന്നതും മലയാളി അടുക്കളയുടെ പരമ്പരാഗത രീതിയാണ്. എന്നാല്‍ പച്ചവെള്ളത്തിൽ അരിയിട്ട് ചോറുണ്ടാക്കുന്നത് പലരും കേട്ടിട്ടുണ്ടാകില്ല. അസമില്‍ വളരുന്ന അഗോണിബോറയെന്ന അരി ചോറാകാൻ വെറും പച്ചവെള്ളം മാത്രം മതി. പച്ചവെള്ളത്തിൽ അര മണിക്കൂർ ഇട്ടുവെച്ചാൽ സൂപ്പർ ചോറ് റെഡി. ഗ്യാസ് വേണ്ട, കറണ്ട് വേണ്ട, എന്തിന്, തീപോലും വേണ്ട.

അസമിന്‍റെ പാരമ്പര്യ നെല്ലാണ് അഗോണിബോറ. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിൽ മാത്രമാണ് പരമ്പരാഗത രീതികൾ ഉപയോഗിച്ച് പ്രാദേശിക കർഷകർ കൃഷി ചെയ്യുന്നത്. ഒരിക്കല്‍ നമ്മുടെ കോഴിക്കോട് ജില്ലയിലെ ഒരു കര്‍ഷകന്‍ ഈ നെല്ല് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്തു വിളവെടുത്തിരുന്നു.
‌‌‌‌‌
പ്രത്യേക സൌരഭ്യമുള്ളതും നീണ്ടു നേർത്തതുമായ അരിയാണ് അഗോണിബോറ. വളരെ മൃദുവായ ഘടനയുള്ള ഇതിന് നല്ല രുചിയുമുണ്ട്. ചുരണ്ടിയെടുത്ത തേങ്ങാപ്പീരയുടേ ഇളം മധുരവും ഏലക്കായുടെയുടേതുപോലുള്ള സുഗന്ധവുമെന്നാണ് ഇത് കഴിച്ചവരുടെ സാക്ഷ്യം. ആസാമീസ് പാചകരീതിയുടെയും സംസ്കാരത്തിൻ്റെയും അവിഭാജ്യഘടകമാണ് അഗോണിബോറ. ആഘോഷങ്ങളിലും ഇതിന്‍റെ സാന്നിദ്ധ്യമുണ്ടാകും. ബിഹു, കല്യാണം തുടങ്ങിയ പ്രത്യേക അവസരങ്ങളിലും ഉത്സവങ്ങളിലും ഇതുകൊണ്ടുള്ള വിഭവങ്ങൾ വിളമ്പും.

ഡിസംബർ മുതൽ മാര്‍ച്ച് വരേയുള്ള ശൈത്യകാലത്താണ് ഈ നെല്ലിന്‍റെ വളര്‍ച്ച. പരമ്പരാഗതമായി വിതച്ചും ഞാറ് പറിച്ചും നട്ടുമാണ് അഗോണിബോറ കൃഷി ചെയ്യുന്നത്. അസം സർക്കാരിന്റേയും‌ പ്രാദേശിക സംഘടനകളുടേയും നേതൃത്വത്തിൽ ഈ പൈതൃക നെല്ലിനം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അരിയുണ്ടാകുന്ന ചെടി കണ്ടിട്ടില്ലാത്ത നമ്മുടെ പുതുതലമുറയ്ക്ക് ഇതൊരു കൗതുകവാര്‍ത്ത തന്നെയാണ്.