aathmeeyam
പലായനത്തിന്റെ പാരിതോഷികങ്ങൾ
ഹിജ്റ നൽകുന്ന പാഠങ്ങളും സന്ദേശങ്ങളും അനിർവചനീയമാണ്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗുണമാകുമെങ്കിൽ പുതിയ മാർഗങ്ങള്‍ അവലംബിക്കാമെന്നത് ഹിജ്റയുടെ പാഠമാണ്. യാത്രയിലുടനീളം പ്രവാചകന് താങ്ങും തണലുമായി വർത്തിച്ച അബൂബക്ർ സിദ്ദീഖ്(റ) വിന്റെ സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ ഒരു ആത്മസുഹൃത്തിന്റെ, വിശ്വസ്തനായ അനുയായിയുടെ ഗുണഗണങ്ങളും സ്വന്തം നാടും വീടും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദേശത്ത് എത്തിപ്പെട്ട മുഹാജിറുകള്‍ക്ക് ഏറ്റവും ഉന്നതമായ രൂപത്തില്‍ സർവ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്ത അന്‍സ്വാരികളുടെ ഊഷ്മളമായ സ്വീകരണത്തിലൂടെ ആതിഥേയത്വത്തിന്റെ വിശിഷ്ടരൂപവും തിരിച്ചറിയാൻ സാധിക്കുന്നു.

ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള, ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണയിച്ച, വിശ്വാസത്തിന്റെ ആണിക്കല്ല് ഉറപ്പിച്ച, ഇസ്‌ലാമിക രാഷ്ട്രത്തിന് അസ്തിവാരമിട്ട, ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവരാൻ കാരണമായ മഹാസംഭവമാണ് തിരുനബി(സ)യുടെ മക്കയില്‍നിന്നും മദീനയിലേക്കുള്ള ത്യാഗോജ്ജ്വലമായ പലായനം. വിശ്വാസി വൃന്ദത്തിന് അതിജീവനത്തിന്റെ കരുത്തും കരുതലുമാണ് ഹിജ്റയുടെ ഓർമകൾ പ്രധാനമായും സമ്മാനിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരും മർദിതരുമായ ജനതതികളുടെ മോചനത്തിനുവേണ്ടി, സമാനതകളില്ലാത്ത പീഡനപർവങ്ങൾ നിറഞ്ഞുനിന്ന മക്കയിൽ നിന്നും ആദർശബോധനത്തിന് സ്വാതന്ത്ര്യമുള്ള മദീനയുടെ മണ്ണിലേക്ക് നടത്തിയ ചരിത്രയാത്ര നിരവധി ആശയങ്ങളും ആദർശങ്ങളും മൂല്യങ്ങളുമാണ് നൽകുന്നത്. ഹിജ്റാ സംഭവത്തെ ആധാരമാക്കിയാണ് ആഗോള മുസ്‌ലിം സമൂഹം കാലഗണനക്കുപയോഗിക്കുന്ന ‘ഹിജ്‌റാബ്ദ’ പ്രകാരമുള്ള കലണ്ടർ തന്നെ രൂപപ്പെടുത്തിയത്. ഉമർ(റ)വിന്റെ നേതൃത്വത്തിൽ ഇസ്്ലാമിക കലണ്ടർ രൂപപ്പെടുത്തുന്നതിനുവേണ്ടി നടന്ന സ്വഹാബികളുടെ ചർച്ചയിൽ വർഷാരംഭം തിരുനബി(സ)യുടെ ജന്മം, പ്രവാചകത്വം, വഫാത്ത് എന്നിങ്ങനെ പല അഭിപ്രായങ്ങളും ഉയർന്നുവന്നെങ്കിലും ഒടുവിൽ ഹിജ്റയെ അടിസ്ഥാനമാക്കാമെന്ന അഭിപ്രായത്തിൽ എല്ലാവരും ഐക്യപ്പെട്ടു. (അൽകാമിൽ ഫിത്താരീഖ്)
തിരുനബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രഥമഘട്ടം വളരെയധികം വെല്ലുവിളികളും പരിഹാസങ്ങളും ക്രൂര മർദനങ്ങളും നിറഞ്ഞതായിരുന്നു. അതിന്റെ ഭാഗമായി അവിടുത്തെ ഉന്മൂലനം ചെയ്യാൻ വ്യത്യസ്ത പദ്ധതികൾ ശത്രുക്കൾ ആവിഷ്കരിക്കുകയും ചെയ്തു. ഒന്നുകിൽ കൊന്നു കളയുക, അല്ലെങ്കിൽ നാടുകടത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വിശുദ്ധ ഖുർആൻ അക്കാര്യം വ്യക്തമാക്കുന്നുണ്ട്: “അവിടുത്തെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം. അവര്‍ തന്ത്രങ്ങളാവിഷ്‌കരിക്കുന്നു. അല്ലാഹു മറ്റു തന്ത്രങ്ങളുമാവിഷ്‌കരിക്കുന്നു. അല്ലാഹുവാകട്ടെ, തന്ത്രം നടത്തുന്നവരില്‍വെച്ച് ഏറ്റവും ഉത്തമനാകുന്നു’. (അൻഫാൽ: 30)
ഹിജ്‌റയോടെ പുണ്യമദീന ഇസ്‌ലാമിക നാഗരികതയുടെ കേന്ദ്രവും തലസ്ഥാനവുമായി മാറി. മദീനയുടെ പതാകക്കു കീഴിൽ അറേബ്യന്‍ രാജ്യങ്ങളെല്ലാം സംഘടിക്കപ്പെടുകയും ഗോത്ര, വർഗ, വംശ, കുല മഹിമകളോ വൈജാത്യങ്ങളോ ഇല്ലാതെ ഒരു ഉത്തമ ഇസ്‌ലാമിക സമൂഹം രൂപപ്പെടുകയും തുടർന്ന് ഇസ്്ലാമിക പ്രബോധനം അറേബ്യന്‍ ഉപഭൂഖണ്ഡത്തിൽ നിന്നും ആഗോളതലത്തിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഹിജ്റയുടെ ഓരോ ചുവടുവെപ്പുകളും കൃത്യമായ ആസൂത്രണങ്ങളോടെയും തികഞ്ഞ അച്ചടക്കത്തോടെയുമായിരുന്നു. തിരുനബി(സ)യിൽ മേളിച്ച മാതൃകാപരമായ നേതൃഗുണത്തിന്റെ സകലമേഖലകളും അനുചരർക്ക് ആസ്വാദ്യകരമായി അനുഭവിക്കാൻ സാധിച്ചു. അവിടുത്തെ അതുല്യ വ്യക്തിത്വത്തെയും അനുപമ സന്ദേശങ്ങളെയും അടയാളപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ഹിജ്റയിലെ ഓരോ നീക്കങ്ങളിലും ദർശിക്കാവുന്നതാണ്.
“ഹിജ്റ’യെന്ന പദത്തിന്റെ അർഥം തന്നെ “വെടിയല്‍’ എന്നാണ്. അതായത് സ്രഷ്ടാവിന് പൊരുത്തമില്ലാത്ത സർവകാര്യങ്ങളും പൂർണമായും ഒഴിവാക്കൽ. വിശ്വാസാദര്‍ശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ഉറ്റവരെയും ഉടയവരെയും ഒഴിവാക്കി പിറന്ന നാടും വീടും കുടുംബവും വിട്ടു അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുള്ള യാത്രയാണ് ഹിജ്റ എന്നത് കൊണ്ട് സാങ്കേതികമായി അർഥമാക്കുന്നത്. ഇത്തരത്തിലുള്ള അനേകം സംഭവങ്ങൾ പ്രവാചക ശ്രേഷ്ഠരുടെയും പുണ്യപുരുഷന്മാരുടെയും ജീവചരിതങ്ങളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. നബി(സ) പറയുന്നു: “മുഹാജിര്‍ അല്ലാഹു വിരോധിച്ചത് വെടുയുന്നവനാണ്’ (ബുഖാരി). സ്വേഷ്ടപ്രകാരം സ്വന്തം നാട്ടില്‍ നിന്നും വേണ്ടപ്പെട്ടവരില്‍ നിന്നും വേർപിരിഞ്ഞ് പ്രവാസ ജീവിതത്തിലേക്ക് താത്്കാലികമായി പോകുന്നവർ തന്നെ എന്തെല്ലാം മനഃപ്രയാസങ്ങളാണ് അനുഭവിക്കാറുള്ളത്. എങ്കിൽ പൂർവ പ്രവാചകരുടെ പാദസ്പർശനം കൊണ്ട് അനുഗൃഹീതമായ, തനിക്കേറ്റം ഇഷ്ടപ്പെട്ട മക്കയുടെ മണ്ണ് വിട്ടു പോകുമ്പോൾ തിരുനബി(സ)യും സഹയാത്രികരും സഹിച്ച നോവുകളും ത്യാഗങ്ങളും കഷ്ടപ്പാടുകളും എത്രയെങ്ങാനുമായിരിക്കും! പക്ഷേ, തിരുനബി(സ)യുടെ ശക്തമായ നേതൃപാടവവും (Leadership), ആസൂത്രണ വൈഭവവും(Planning), ആത്മവിശ്വാസവും(Confidence) കൊണ്ട് അതെല്ലാം തരണം ചെയ്യാനും സഹിഷ്ണുതാ മനോഭാവത്തോടെ കൊടിയ ശത്രുക്കളോട് പോലും പെരുമാറാനും സാധിച്ചു.
ഹിജ്റ നൽകുന്ന പാഠങ്ങളും സന്ദേശങ്ങളും അനിർവചനീയമാണ്. പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുഗുണമാകുമെങ്കിൽ പുതിയ മാർഗങ്ങള്‍ അവലംബിക്കാമെന്നത് ഹിജ്റയുടെ പാഠമാണ്. യാത്രയിലുടനീളം പ്രവാചകന് താങ്ങും തണലുമായി വർത്തിച്ച അബൂബക്ർ സിദ്ദീഖ്(റ) വിന്റെ സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെ ഒരു ആത്മസുഹൃത്തിന്റെ, വിശ്വസ്തനായ അനുയായിയുടെ ഗുണഗണങ്ങളും സ്വന്തം നാടും വീടും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദേശത്ത് എത്തിപ്പെട്ട മുഹാജിറുകള്‍ക്ക് ഏറ്റവും ഉന്നതമായ രൂപത്തില്‍ സർവ സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുത്ത അന്‍സ്വാരികളുടെ ഊഷ്മളമായ സ്വീകരണത്തിലൂടെ ആതിഥേയത്വത്തിന്റെ വിശിഷ്ടരൂപവും തിരിച്ചറിയാൻ സാധിക്കുന്നു. ഏക ദൈവ വിശ്വാസത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി സർവവും ത്യജിക്കാന്‍ വിശ്വാസികൾ സന്നദ്ധരാണെന്നും ദൈവപ്രീതി ലക്ഷ്യംവെച്ച് സത്യത്തിനു വേണ്ടി പോരാടുന്നവര്‍ക്ക് അന്തിമ വിജയം സുനിശ്ചിതമാണെന്നുമുള്ള മഹത്തായ സന്ദേശം കൂടി ഹിജ്റ നൽകുന്നു.
അല്ലാഹു പവിത്രമാക്കിയ നാല് മാസങ്ങളിൽ ഒന്നാണ് മുഹർറം. ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി അതിജീവന കഥകള്‍ക്ക് മുഹർറം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഫറോവയുടെ ക്രൂരമായ പീഡനത്തിൽ നിന്നും മൂസാനബി(അ) മോചനം നേടിയതും നംറൂദിന്റെ അഗ്നികുണ്ഡത്തില്‍ നിന്നും ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടതും നൂഹ് നബി(അ)യുടെ കപ്പല്‍ നങ്കൂരമിട്ടതും യൂനുസ് നബി(അ) മത്സ്യവയറ്റില്‍ നിന്നും രക്ഷപ്പെട്ടതുമെല്ലാം മുഹർറത്തിലായിരുന്നു. ആകയാൽ ഇത്തരം അനേകം മഹത്വങ്ങളുൾക്കൊള്ളുന്ന മുഹര്‍റത്തില്‍ വ്രതാനുഷ്ഠാനം വര്‍ധിപ്പിക്കണമെന്ന് തിരുനബി (സ) അരുളിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: “റമസാന്‍ കഴിഞ്ഞാല്‍ വ്രതാനുഷ്ഠാനത്തിന് ഏറെ പവിത്രതയുള്ള മാസം അല്ലാഹുവിന്റെ മാസമായ മുഹര്‍റമാണ്’ (മുസ്‌ലിം). ആശൂറാഅ് ദിവസം നോന്പനുഷ്ഠിച്ചാൽ (മുഹര്‍റം പത്തിന്) കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കും’ (മുസ്‌ലിം) ജൂതരില്‍ നിന്നും വ്യത്യസ്തരാവുന്നതിനുവേണ്ടി മുഹർറം ഒമ്പതിന് നോമ്പനുഷ്ഠിക്കാൻ നബി(സ) കൽപ്പിച്ചിരുന്നു. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: “അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്ന പക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്’ (മുസ്‌ലിം) മുഹർറമിലെ ആദ്യത്തെ പത്ത് ദിനങ്ങൾ നോമ്പനുഷ്ഠിക്കൽ ശക്തമായ സുന്നത്താണ്. (ഫതാവൽ കുബ്റാ: 2/ 27)
ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വ്യാപനത്തിലും ഹിജ്‌റയുണ്ടാക്കിയ വഴിത്തിരിവുകൾ ഓരോ ഹിജ്റ വര്‍ഷാരംഭത്തിലും അയവിറക്കുകയും ഇസ്്ലാമിക മുന്നേറ്റത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനുള്ള പ്രതിജ്ഞകൾ പുതുക്കുകയും വേണം. സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂട തിന്മകൾക്കെതിരെയും അനീതിക്കെതിരെയും പൊരുതാനുള്ള കരുത്ത് ഹിജ്റ പകർന്നുനൽകുന്നു. സ്രഷ്ടാവിന്റെ വിധിവിലക്കുകളെ പൂർണമായി അനുസരിക്കലും തിന്മകളില്‍ നിന്നുള്ള തിരിഞ്ഞോട്ടവുമാണ് പുതിയ കാലത്ത് വിശ്വാസികളുടെ ഏറ്റവും വലിയ പലായനം.