NIPAH
കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക്, ബീച്ചുകളിൽ നിയന്ത്രണം
കണ്ടയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല.

കോഴിക്കോട് | നിപ്പാ കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ജില്ലാ ഭരണകൂടം. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചികിത്സയിലുള്ള രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രമാണ് അനുവദിക്കുക. ജില്ലയിലെ ബീച്ചുകളിലും നിയന്ത്രണമേർപ്പെടുത്തി.
കണ്ടയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തിവെക്കണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കണം പൊതുപരിപാടികൾ.
നാളെ രാവിലെ പത്തിന് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവകക്ഷി യോഗം കോഴിക്കോട് നടക്കും. 11ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരുടെ യോഗവുമുണ്ടാകും. കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും മറ്റന്നാളും അവധിയാണ്.