National
വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറി; കാമുകന്റെ ദേഹത്ത് യുവതി തിളച്ച എണ്ണയൊഴിച്ചു
കൈകളിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഈറോഡ് | വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് യുവതി 27 കാരന്റെ മേല്‍ തിളച്ച എണ്ണയൊഴിച്ചത്. കൈകളിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വര്‍ണ്ണപുരം സ്വദേശി കാര്‍ത്തി എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കാര്‍ത്തി ജോലി ചെയ്യുന്നത്. ബന്ധുവായ മീനാദേവിയുമായി കാര്‍ത്തിക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാര്‍ത്തി ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി കാര്‍ത്തിയുടെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണെന്നറിഞ്ഞ മീനാദേവി ശനിയാഴ്ച കാര്‍ത്തിയെ കാണാനെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, തുടര്‍ന്ന് മീനാദേവി കാര്‍ത്തിയുടെ മേല്‍ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.