Uae
മേഖലാ ആണവ, ഊര്‍ജ സഹകരണം; കരാറില്‍ ഒപ്പുവച്ചു
കരാറില്‍ ഒപ്പുവച്ചത് ഇക്വിലിബ്രിയം എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സിയും ഇക്വിലിബ്രിയം എക്യുപ്മെന്റ് ട്രേഡിങും മുന്‍നിര ചെക്ക് കമ്പനിയായ MIFRE ഹോള്‍ഡിങ്‌സും തമ്മില്‍.

അബൂദബി | അബൂദബി ആസ്ഥാനമായുള്ള ഇക്വിലിബ്രിയം എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സിയും ഇക്വിലിബ്രിയം എക്യുപ്മെന്റ് ട്രേഡിങും ആണവോര്‍ജം, എന്‍ജിനീയറിങ്, അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വേ, പുനരുപയോഗ ഊര്‍ജ മേഖലകളില്‍ വിപുലമായ വൈദഗ്ധ്യമുള്ള മുന്‍നിര ചെക്ക് കമ്പനിയായ MIFRE ഹോള്‍ഡിങ്‌സും തമ്മില്‍ ഓഹരി ഉടമകളുടെ കരാറില്‍ ഒപ്പുവച്ചു.
2025 മെയ് 27-ന് അബൂദബിയിലെ ADNEC-ല്‍ നടന്ന വേള്‍ഡ് യൂട്ടിലിറ്റീസ് കോണ്‍ഗ്രസ് 2025-ലാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവച്ചത്. അതിര്‍ത്തി കടന്നുള്ള സഹകരണത്തിലെ പ്രധാന നാഴികക്കല്ലാണ് ഇതോടെ അടയാളപ്പെടുത്തിയത്. ചെക്ക് റിപബ്ലിക്കിന്റെ അംബാസഡര്‍ എച്ച് ഇ ജോസഫ് കൗട്സ്‌കിയുടെയും വിശിഷ്ട വ്യക്തികളുടെയും വ്യവസായ അതിഥികളുടെയും ഊര്‍ജ പ്രൊഫഷണലുകളുടെയും സാന്നിധ്യത്തില്‍, ഇക്വിലിബ്രിയത്തിന്റെ ചെയര്‍മാന്‍ മുഹമ്മദ് സാഹൂ അല്‍ സുവൈദിയും മിഫ്രെ ഹോള്‍ഡിങ്‌സിലെ മിഫ്രെ ഫ്രാന്റിഷെക് വാഗ്നറും മിഫ്രെ ഹോള്‍ഡിങ്‌സിലെ മിഫ്രെ മൈക്കല്‍ കസ്ദയും കരാറില്‍ ഒപ്പുവച്ചു.
ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്ന റിസോ അസോസിയേറ്റ്സ് ചെക്ക് ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികളിലൂടെ മിഫ്രെയുടെ യൂറോപ്യന്‍ എന്‍ജിനീയറിങ് മികവും ഇക്വിലിബ്രിയത്തിന്റെ ശക്തമായ പ്രാദേശിക സാന്നിധ്യവും പ്രവര്‍ത്തന ആഴവും ഈ തന്ത്രപരമായ സഖ്യം സംയോജിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഉടനീളമുള്ള ന്യൂക്ലിയര്‍, ഓയില്‍ & ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, എനര്‍ജി മേഖലകളിലുടനീളം അത്യാധുനിക സംവിധാനങ്ങള്‍ ഒരുമിച്ച് നടപ്പാക്കുകയാണ് ലക്ഷ്യം.