Connect with us

International

റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

225 അംഗ പാർലമെന്റിലെ ഏറ്റവും വലിയ ബ്ലോക്കായ രാജപക്‌സെയുടെ എസ്‌ എൽ പി പി പിന്തുണച്ചതോടെയാണ് 73കാരനായ വിക്രമസിംഗെക്ക് വിജയിക്കാനായത്

Published

|

Last Updated

കൊളംബോ | കലാപ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം തുടരുന്നതിനിടെ റനിൽ വിക്രമസിംഗെയെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഗോതബയ രജപക്സേ രാജിവെച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ന് നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കൂടുതൽ എംപിമാരുടെ പിന്തുണ നേടിയാണ് വിക്രമസിംഗെ അധികാരത്തിൽ എത്തുന്നത്.

225 അംഗ പാർലമെന്റിൽ 219 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 134 വോട്ടുകൾ വിക്രമസിംഗെ നേടി. ഏറ്റവും വലിയ ബ്ലോക്കായ രാജപക്‌സെയുടെ എസ്‌ എൽ പി പി പിന്തുണച്ചതിനാൽ 73കാരനായ വിക്രമസിംഗെയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കപ്പെട്ടിരുന്നു.

വിക്രമസിംഗെയുടെ പ്രധാന എതിരാളി എസ് എൽ പി പി വിമതനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഡള്ളസ് അലഹപ്പെരുമ ആയിരുന്നു. ഇടതുപക്ഷ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നേതാവ് അനുര ദിസനായകെ ആയിരുന്നു മൂന്നാമത്തെ സ്ഥാനാർത്ഥി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ജനകീയ വിപ്ലവത്തെ തുടർന്നാണ് പ്രസിഡന്റായിരുന്ന ഗോതബയ രജപക്സേക്ക് രാജിവെക്കേണ്ടിവന്നത്. കലാപത്തെ തുടർന്ന് സിംഗപ്പൂരിൽ അഭയം പ്രാപിച്ച അദ്ദേഹം അവിടെ വെച്ചാണ് രാജി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് റനിൽ വിക്രമസിംഗെ താത്കാലിക പ്രസിഡന്റായി ചുമതലയേറ്റു. ഈ സാഹചര്യത്തിലാണ് അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്.

അതേസമയം,  റനിൽ വിക്രമസിംഗെയും പ്രതിഷേധക്കാരുടെ കണ്ണിലെ കരടാണ്. അദ്ദേഹവും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലെ ജനകീയ വിപ്ലവത്തിന്റ ഭാവി എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Latest