International
വിമാനം വെടിവെച്ചിടുമെന്ന് ഭയം; ഇസ്ലാമാബാദ് ചർച്ചകൾക്ക് ശേഷം ഇറാൻ സംഘം മടങ്ങിയത് വിമാനവും ബസ്സും ട്രെയിനും മാറി മാറി കയറി
വിമാനം ആക്രമിക്കപ്പെട്ടേക്കാം എന്ന കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് അതീവ ജാഗ്രത പാലിച്ചത്
ടെഹ്റാൻ | അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ ഉന്നതതല സംഘം മടങ്ങിയത് കനത്ത സുരക്ഷാ ഭീഷണിക്കിടെയെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾക്ക് ശേഷം മടങ്ങിയ സംഘം തങ്ങളുടെ വിമാനം വെടിവെച്ചിടുമെന്ന ഭീഷണിയെത്തുടർന്ന് യാത്രാമധ്യേ വിമാനം മാറുകയും പിന്നീട് ബസ്സിലും ട്രെയിനിലും സഞ്ചരിക്കുകയും ചെയ്താണ് ടെഹ്റാനിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇസ്ലാമാബാദിൽ ചർച്ചകൾക്കായി എത്തിയത്. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ മടക്കയാത്രയിലാണ് ഇവർക്ക് നേരെ നേരിട്ടുള്ള സുരക്ഷാ ഭീഷണി ഉണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകനായ മുഹമ്മദ് മരാണ്ടി പറഞ്ഞു. തങ്ങളുടെ വിമാനം ആക്രമിക്കപ്പെട്ടേക്കാം എന്ന കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കുകയായിരുന്നു.
യാത്രയ്ക്കിടെ വിമാനം മാറിക്കയറിയ സംഘം മശ്ഹദിൽ വിമാനം അടിയന്തരമായി ഇറക്കി. അവിടെ നിന്ന് കാറിലും ബസ്സിലും ട്രെയിനിലുമായാണ് യാത്ര പൂർത്തിയാക്കിയത്. യു എസ് പ്രതിനിധികളുമായി പത്ത് വർഷത്തിന് ശേഷം നടന്ന ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. എന്നാൽ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ല. മേഖലയിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് സംഘം പാകിസ്ഥാനിലെത്തിയത്.
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അടുത്ത ഘട്ട യുദ്ധത്തിനായി രാജ്യം തയ്യാറെടുക്കുകയാണെന്നും മരാണ്ടി വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ഈ ആഴ്ച അവസാനം വീണ്ടും ഇസ്ലാമാബാദിൽ വെച്ച് രണ്ടാം ഘട്ട ചർച്ചകൾ നടന്നേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി പാകിസ്ഥാൻ ഇരു രാജ്യങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ട്. യു എസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന.
Summary
The Iranian delegation, including the Foreign Minister, reportedly faced direct security threats while returning from ceasefire negotiations with the US in Islamabad. Fearing their plane might be shot down, the officials secretly switched aircraft and completed their journey to Tehran using buses and trains. Despite the initial failure of the talks, reports suggest a second round of negotiations may take place in Pakistan later this week.



