Connect with us

islamophobia

കാടുകയറുന്ന ഇസ്‌ലാമിക വിരോധവും ഖുര്‍ആന്‍ നിന്ദയും

വംശീയ ഭ്രാന്തന്മാര്‍ ഏതാനും കോപ്പികള്‍ കത്തിച്ചതു കൊണ്ട് തുടച്ചു നീക്കാവുന്നതല്ല ഖുര്‍ആനിനെയും അത് മുന്നോട്ട് വെക്കുന്ന ആശയത്തെയും. ശത്രുക്കളുടെ ചെയ്തികള്‍ ആഗോള ജനമനസ്സുകളില്‍ ഇസ്‌ലാമും ഖുര്‍ആനും കൂടുതല്‍ സ്ഥാനം നേടാനാണ് ഇടയാക്കുന്നതെന്നാണ് വര്‍ത്തമാനകാല ചരിത്രം വ്യക്തമാക്കുന്നത്.

Published

|

Last Updated

ഡെന്മാര്‍ക്കിനും സ്വീഡനും പിന്നാലെ നെതര്‍ലാൻഡ്‌സിലും പരസ്യമായ ഖുര്‍ആന്‍ നിന്ദ. സെപ്തംബര്‍ 23നാണ് നെതര്‍ലാൻഡ്സ് ഹേഗ് നഗരത്തിലെ തുര്‍ക്കി, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എംബസികള്‍ക്കു മുമ്പില്‍ തീവ്ര മുസ്‌ലിം വിരുദ്ധ വലതുപക്ഷ സംഘടനയായ “പെഗിഡ’ നേതാവ് എഗ്വിന്‍ വാഗന്‍സ്വെല്‍ഡ് വിശുദ്ധ ഖുര്‍ആന്‍ വലിച്ചു കീറുകയും ചവിട്ടുകയും ചെയ്തത്. പോലീസ് സംരക്ഷണത്തിലായിരുന്നു എഗ്വിന്‍ വാഗന്‍സ്വെല്‍ഡിന്റെ ചെയ്തിയെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളും മുസ്‌ലിം വേള്‍ഡ് ലീഗ്, ഒ ഐ സി, ജി സി സി തുടങ്ങിയ സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

സ്വീഡനില്‍ ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും ജൂലൈയിലുമായി മൂന്ന് തവണയാണ് ഇസ്‌ലാം വിരുദ്ധരായ തീവ്ര വലതുപക്ഷക്കാര്‍ പരസ്യമായി ഖുര്‍ആന്‍ കത്തിച്ച് വിദ്വേഷം പ്രകടിപ്പിച്ചത്. മുസ്‌ലിം പള്ളിക്ക് മുന്നില്‍ വെച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പായ ഹാര്‍ഡ് ലൈനിന്റെ തലവന്‍ റാസ്മസ് പലുദാനാണ് ജനുവരിയില്‍ വിശുദ്ധ ഖുര്‍ആന്റെ കോപ്പിക്ക് തീയിട്ടത്. ലൈറ്റര്‍ ഉപയോഗിച്ച് ഖുര്‍ആന്‍ തീയിടുന്നതിന് മുമ്പായി റാസ്മസ് പലുദാന്‍ ഇസ്‌ലാമിനെയും കുടിയേറ്റത്തെയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഇറാഖി അഭയാര്‍ഥിയും മുസ്‌ലിം വിരുദ്ധനുമായ സല്‍വാന്‍ മോമിയാണ് ജൂലൈയില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഖുര്‍ആന്‍ കത്തിച്ചത്. 2010 സെപ്തംബര്‍ 11ന് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഗൈന്‍സ് വില്ലയില്‍ ഒരു കരിസ്മാറ്റിക് ധ്യാനകേന്ദ്രം നടത്തി വരുന്ന ടെറി ജോണ്‍സ് എന്ന ക്രൈസ്തവ പുരോഹിതന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികത്തിന് ഒത്തുകൂടിയ ജനങ്ങളോട് ഖുര്‍ആന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്യുകയും ഖുര്‍ആന്‍ കോപ്പിക്ക് തീകൊളുത്താന്‍ ശ്രമം നടത്തുകയുമുണ്ടായി. ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് അന്ന് ആ ശ്രമം ഉപേക്ഷിച്ച ടെറി ജോണ്‍സ് 2011 മാര്‍ച്ച് 20ന് ഖുര്‍ആനിനെ പൊതുസമൂഹത്തിനു മുമ്പാകെ “വിചാരണ’ക്ക് വിധേയമാക്കുകയും ഖുര്‍ആനിനെ കത്തിക്കാന്‍ ആഹ്വാനം ചെയ്യുകയും തൊട്ടടുത്ത ദിവസം ഖുര്‍ആനിന്റെ കോപ്പി കത്തിക്കുകയും ചെയ്തു.

നവനാസ്തികരും ഇസ്‌ലാമിക വിരോധം സിരകളിലൊഴുകുന്ന മറ്റു വിഭാഗങ്ങളും ഖുര്‍ആന്‍ കത്തിക്കലും നിന്ദയുമാണ് നിലവില്‍ ഇസ്‌ലാമിക വിരോധം പ്രകടിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്ന മാര്‍ഗങ്ങള്‍. ഖുര്‍ആനിലെ ചില വാചകങ്ങളുടെ തലയും വാലും മുറിച്ചും ജിഹാദ് പോലുള്ള പദങ്ങളെ ദുര്‍വ്യാഖ്യാനിച്ചുമാണ് ശത്രുക്കള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഖുര്‍ആനാണ് ലോകത്ത് തീവ്രവാദവും ഭീകരവാദവും ഉടലെടുക്കാന്‍ കാരണമെന്ന് തട്ടിവിടുന്നു ഇവര്‍. കശ്മീരിലെ തീവ്രവാദി ആക്രമണം പോലും ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും പിരടിയില്‍ കെട്ടിവെക്കുന്നവരുണ്ട്. തെറ്റിദ്ധാരണാജനകമായ രീതിയില്‍ ഖുര്‍ആനിനെ വ്യാഖ്യാനിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ ജെ എം റോഡ്വെലിനെ പോലുള്ള ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഇവര്‍ ഖുര്‍ആനിനെ പരിചയപ്പെടുത്തുന്നത്.

ജിഹാദ് എന്ന പദത്തെ ആയുധ പ്രയോഗത്തിന്റെ പര്യായമായി വിശദീകരിക്കുന്നത് വിവരക്കേടും കടുത്ത അനീതിയുമാണ.് നന്മ സ്ഥാപിക്കാനും തിന്മ തുടച്ചുനീക്കാനുമുള്ള കഠിനാധ്വാനമെന്ന അര്‍ഥത്തിലാണ് ഖുര്‍ആന്‍ മിക്കയിടങ്ങളിലും “ജിഹാദ്’ പ്രയോഗിച്ചത്. മത, ജാതി വ്യത്യാസമന്യെ മനുഷ്യരെ സ്‌നേഹിക്കാനും പരമാവധി വിട്ടുവീഴ്ച ചെയ്ത് ജീവിക്കാനുമാണ് ഖുര്‍ആനിന്റെയും പ്രവാചകരുടെയും വിശ്വാസി സമൂഹത്തോടുള്ള ആഹ്വാനം. ഇതുകൊണ്ട് തന്നെയായിരിക്കണം ആഗോള തലത്തില്‍ ഇസ്‌ലാമിനും ഖുര്‍ആനിനും അംഗീകാരം വര്‍ധിക്കുന്നതും ലോകമെമ്പാടും ശാസ്ത്രജ്ഞരും വിദ്യാസമ്പന്നരും സെലിബ്രിറ്റികളും ഇസ്‌ലാമിലേക്ക് കടന്നു വരുന്നതും. വാഷിംഗ്ടണ്‍ കേന്ദ്രമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ ഇതിനിടെ നടത്തിയ പഠനമനുസരിച്ച് ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാമാണ്. 2070 ആകുമ്പോഴേക്ക്, നിലവിലെ ലോകത്തെ ഏറ്റവും വലിയ മതമായ ക്രിസ്ത്യാനിസത്തെ പിന്തള്ളി ഇസ്‌ലാം ഒന്നാമതെത്തുമെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു. 2016ലെ കണക്കനുസരിച്ച് അമേരിക്കയില്‍ ജനസംഖ്യയുടെ ഒരു ശതമാനമാണ് മുസ്‌ലിംകള്‍. 2050 ആകുമ്പോഴേക്കും ഇത് 2.1 ശതമാനമായി ഉയരുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ വിലയിരുത്തല്‍. ക്രിസ്തീയ, ജൂത തീവ്രവാദികള്‍ക്ക് ഇസ്‌ലാമിനോടും ഖുര്‍ആനിനോടുമുള്ള കൊടിയ വിരോധത്തിന്റെ മുഖ്യ കാരണവുമിതാണ്. നേര്‍ക്കുനേരേ എതിര്‍ത്തു തോല്‍പ്പിക്കാനാകാത്ത സത്യങ്ങള്‍ക്കെതിരെ പ്രതിയോഗികള്‍ എക്കാലത്തും ഉപയോഗിക്കാറുള്ള തന്ത്രങ്ങളാണ് അവഹേളനവും പരിഹാസവും.

വിവേകം കുറഞ്ഞ ചിലരെ പ്രകോപിതരാക്കി അവരെ അക്രമോത്സുകരാക്കുകയാണ് ഇസ്‌ലാമിക വിരുദ്ധരുടെ ഖുര്‍ആന്‍ കത്തിക്കല്‍, ചവിട്ടിത്തേക്കല്‍ തുടങ്ങിയ ചെയ്തികളുടെ ലക്ഷ്യം. അവിവേകികളായ ഇത്തരം ചില ന്യൂനാല്‍ ന്യൂനപക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് വിരല്‍ ചൂണ്ടിയാണ് ഇസ്‌ലാം ഭീകര പ്രസ്ഥാനമാണെന്ന് ശത്രുക്കള്‍ ആരോപിക്കുന്നത്. പാക്കിസ്ഥാനില്‍ 1990ന് ശേഷമുള്ള മുപ്പത് വര്‍ഷത്തിനിടെ 62 പേരാണ് പ്രവാചക നിന്ദ / ഇസ്‌ലാമിക നിന്ദയെ ചൊല്ലി വിചാരണ പോലും പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടതെന്ന് ആസിയാ ബീബി കേസ് വിധിപ്രസ്താവത്തില്‍ പാക് സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നത് ഇതൊക്കെ ചൂണ്ടിക്കാട്ടിയാണല്ലോ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സമചിത്തതയും ആത്മസംയമനവുമാണ് ഇത്തരം ഘട്ടത്തില്‍ കരണീയം. വംശീയ ഭ്രാന്തന്മാര്‍ ഏതാനും കോപ്പികള്‍ കത്തിച്ചതു കൊണ്ട് തുടച്ചു നീക്കാവുന്നതല്ല ഖുര്‍ആനിനെയും അത് മുന്നോട്ട് വെക്കുന്ന ആശയത്തെയും. ശത്രുക്കളുടെ ചെയ്തികള്‍ ആഗോള ജനമനസ്സുകളില്‍ ഇസ്‌ലാമും ഖുര്‍ആനും കൂടുതല്‍ സ്ഥാനം നേടാനാണ് ഇടയാക്കുന്നതെന്നാണ് വര്‍ത്തമാനകാല ചരിത്രം വ്യക്തമാക്കുന്നത്. അതാണ് ചരിത്രത്തിലുടനീളം സംഭവിച്ചതും.

---- facebook comment plugin here -----

Latest