Connect with us

delhi riot

രക്തമുറയും പകലിരവുകള്‍ക്ക് മൂന്നാണ്ട്

മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത കേസുകളില്‍ എന്തെങ്കിലും പുരോഗതിയുണ്ടായോയെന്നത് അജ്ഞാതമാണ്. ഉദാഹരണത്തിന് മദീന മസ്ജിദ് ആക്രമണ കേസില്‍ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ഉണ്ടായിട്ടില്ല.

Published

|

Last Updated

ടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം നടന്നിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. കലാപം എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്ക് ഇന്ന് വലിയ പ്രസക്തിയില്ലാതായിരിക്കുന്നു. കാരണം, പോലീസും ഭരണകൂടവും കോടതികളും സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയോ എന്നതാണ് ഇന്നത്തെ കാതലായ ചോദ്യം. നിഗമനത്തിലെത്താത്ത കേസന്വേഷണങ്ങള്‍, വിചാരണ ചെയ്യാത്ത കേസുകള്‍, കുറ്റവിമുക്തരായ നിരപരാധികളുടെ മേല്‍ ക്രിമിനല്‍ നിയമത്തിലെ ശക്തമായ വകുപ്പുകള്‍ ചാര്‍ത്തല്‍, ചില കേസുകളില്‍ കോടതികളുടെ മന്ദഗതിയിലുള്ള നടപടിക്രമങ്ങള്‍, മറ്റുചില കേസുകളില്‍ അതിവേഗം തുടങ്ങിയവയൊക്കെയാണ് ഡല്‍ഹി കലാപത്തിന്റെ ബാക്കിപത്രം.

പോലീസിൻ്റെ പരാജയം

അതിപ്രധാന എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസിനുള്ള വിമുഖത, ഗുരുതര പരാതികളില്‍ നിസ്സാര വകുപ്പുകളുള്ള എഫ് ഐ ആര്‍, സമയബന്ധിതമായി കേസന്വേഷണം ആരംഭിക്കാത്തത് അടക്കം പോലീസിന്റെ ഭാഗത്തുനിന്നുള്ള നിരവധി പോരായ്മകളെ സംബന്ധിച്ച് അക്കാലത്തുതന്നെ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ വെളിപ്പെടുത്തിയിരുന്നു. കൊവിഡ്- 19ന്റെ ആരംഭകാലവുമായതിനാല്‍ അത്തരം ആശങ്കകളെല്ലാം അവഗണിക്കപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പല കേസുകളിലും കോടതി പോലീസിനെയും വ്യവസ്ഥിതിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്ര വിഭജനത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ വര്‍ഗീയ കലാപത്തെ സംബന്ധിച്ച് ചരിത്രം അടയാളപ്പെടുത്തുക, അന്വേഷണ ഏജന്‍സിയുടെ പരാജയമെന്നായിരിക്കുമെന്ന് കഴിഞ്ഞ സെപ്തംബറില്‍ സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. നൂതന ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ച് ശരിയായ അന്വേഷണം നടത്തുന്നതില്‍ ഏജന്‍സി പരാജയപ്പെട്ടുവെന്നും ജനാധിപത്യത്തിന്റെ കാവല്‍ക്കാരെ ഇത് മുറിപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇത്തരം പാതിവെന്ത കേസുകള്‍ കോടതി വരാന്തകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കാനാകില്ല. മാത്രമല്ല കോടതിയുടെ അമൂല്യമായ നീതിന്യായ സമയം കവരുന്നതാണിതെന്നും കോടതി നിരീക്ഷിച്ചു. നിരവധി കേസുകളില്‍ അന്വേഷണത്തിന്റെ നിലവാരം കാത്തുസൂക്ഷിച്ചില്ലെന്ന് സെഷന്‍സ് കോടതിക്ക് പറയേണ്ടിവന്നു. കോടതിയില്‍ ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഹാജരാക്കേണ്ട അനുബന്ധ തെളിവുകൾ സംബന്ധിച്ചും അന്വേഷണത്തിന് യുക്തിഭദ്രമായ ഉപസംഹാരം വേണ്ടതിനെ കുറിച്ചും ഇന്‍സ്‌പെക്ടര്‍ക്കും എസ് എച്ച് ഒക്കും അറിയില്ലേയെന്നും കോടതി ചോദിച്ചിരുന്നു.

പോലീസ് സാക്ഷി കള്ളം പറഞ്ഞെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് ഒരു കേസില്‍ ഒക്‌ടോബര്‍ അഞ്ചിന് പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു. പോലീസ് സേനയിൽ ചേരുമ്പോഴുള്ള പ്രതിജ്ഞ ലംഘിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തൊട്ടടുത്ത ദിവസം ഈ അഭിപ്രായം പറഞ്ഞ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയെ സ്ഥലംമാറ്റി. തുടര്‍ന്നുവന്ന ജഡ്ജ് ഈ നിരീക്ഷണം തള്ളിക്കളയുകയും ചെയ്തു. കലാപ കേസുകളില്‍ പ്രോസിക്യൂഷന്റെയും അന്വേഷണ ഏജന്‍സിയുടെയും കൃത്യവിലോപങ്ങള്‍ തുടര്‍ച്ചയായി നോര്‍ത്ത് ഈസ്റ്റ് ഡി സി പിയുടെയും ഈസ്റ്റേണ്‍ റേഞ്ച് ജോയിന്റ് സി പിയുടെയും കമ്മീഷണറുടെയും ശ്രദ്ധയില്‍ കോടതി പെടുത്തിയെങ്കിലും, സുഗമമായ വിചാരണക്കുള്ള ഒരു നടപടികളും ഇവരാരും സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. കൂടുതല്‍ അന്വേഷണമാണോ അല്ലെങ്കിൽ വിചാരണയാണോ വേണ്ടതെന്ന് പ്രോസിക്യൂഷന് ഇപ്പോഴും ഉറപ്പില്ലെന്ന് മറ്റൊരു കേസില്‍ ഇതേ മജിസ്‌ട്രേറ്റ് പറഞ്ഞിരുന്നു. കൂടുതല്‍ അന്വേഷണത്തിന് അനുമതി തേടുന്നത് നിലവിലെ കേസിലെ നടപടിക്രമങ്ങള്‍ അട്ടിമറിക്കാനാണെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ഏത് എഫ് ഐ ആറിലാണ് അന്വേഷണം നടത്തേണ്ടത് എന്ന് ഇന്‍സ്‌പെക്ടര്‍ക്ക് ഇപ്പോഴും അറിയില്ലെന്ന് കഴിഞ്ഞ മാസം സെഷന്‍ കോടതിക്ക് പറയേണ്ടിവന്നു.

ഇത്തരം ചില നിരീക്ഷണങ്ങളെങ്കിലും കോടതി നടത്തിയ ഏതാനും കേസുകള്‍ക്ക് ഉദാഹരണമാണിത്. അധിക കേസുകളിലും ക്രിമിനല്‍ നീതിന്യായ സംവിധാനം തന്നെ ഉദ്യോഗസ്ഥ സങ്കീര്‍ണതകളുടെ ഇരയായി. പോലീസിന്റെ പരമദയനീയമായ പ്രവര്‍ത്തനത്തെയാണ് ഈ കേസുകള്‍ കാണിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്ത, പാതിവെന്ത അന്വേഷണങ്ങളുള്ള കേസുകള്‍ കോടതിയിലെത്തുമ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് പൗരസമൂഹം വളരെ മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. തങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങളുടെ തീവ്രത പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ അപര്യാപ്തമാണെന്ന് ഇരകള്‍ക്ക് കോടതികളില്‍ പ്രതിഷേധിക്കേണ്ടിവരുന്നു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

പള്ളിയാക്രമണ കേസുകളിൽ ആളില്ലാ എഫ് ഐ ആറുകൾ

മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത കേസുകളില്‍ എന്തെങ്കിലും പുരോഗതിയുണ്ടായോയെന്നത് അജ്ഞാതമാണ്. ഉദാഹരണത്തിന് മദീന മസ്ജിദ് ആക്രമണ കേസില്‍ ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ഉണ്ടായിട്ടില്ല. പ്രതികളെ എടുത്തുപറഞ്ഞുള്ള മസ്ജിദ് കമ്മിറ്റിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റിന് ഉത്തരവിടേണ്ടി വന്നു. പോലീസ് ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ കോടതി പരിഗണനയിലിരിക്കെ, ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി പോലീസ് പ്രതികളുടെ പേരില്ലാത്ത എഫ് ഐ ആര്‍ ഹാജരാക്കി. ഇതുവരെ അതിനെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസ് അവകാശപ്പെട്ടത്. ഇതോടെ, കേസ് അവസാനിപ്പിക്കാമെന്ന തീര്‍പ്പില്‍ അപ്പീല്‍ കോടതിയെത്തി. മജിസ്‌ട്രേറ്റിന് തീരുമാനിക്കാമെന്ന് അപ്പീല്‍ കോടതി പറഞ്ഞിരുന്നു. പോലീസിന്റെ താത്പര്യത്തിന് വിട്ട്, അധികം വൈകാതെ പോലീസിൻ്റെ വിവേചനാധികാരത്തിന് വിട്ട്, മജിസ്‌ട്രേറ്റ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ കേസ് വേണമെങ്കില്‍ പോലീസിന് മുന്നോട്ടുകൊണ്ടുപോകാമെങ്കിലും പുരോഗതിയുണ്ടായില്ല.

ഇരകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര വിതരണവും മന്ദഗതിയിലാണ്. 2020 മാര്‍ച്ചില്‍ തുച്ഛമായ തുക നല്‍കിയ ശേഷം നഷ്ടപരിഹാരത്തിനും അകാലചരമമായി. കുറച്ച് പണം കൊടുത്ത് പിന്നീട് ഒന്നും ചെയ്യാതിരിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് 1996ല്‍ ഡല്‍ഹി ഹൈക്കോടതി ഈ സമീപനത്തെ സംബന്ധിച്ച് പറഞ്ഞിരുന്നു. നഷ്ടപരിഹാരം തീരുമാനിക്കാന്‍ ക്ലെയിംസ് കമ്മീഷണറെ ആ വര്‍ഷം മാര്‍ച്ച് 18ന് സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും പരാതി സ്വീകരിച്ച് ‘പരിശോധന’ നടത്തുകയല്ലാതെ യാതൊന്നും കമ്മീഷന്‍ ചെയ്തിട്ടില്ല. പൊതുവെ കമ്മീഷനുകള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാറില്ലെങ്കിലും ഈ കമ്മീഷന്‍ തീര്‍ത്തും ആലങ്കാരികമായാണ് പ്രവര്‍ത്തിക്കുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കാണ് ഇത്തരമൊരു വിധിയെന്നത് ആലോചിക്കാന്‍ പോലും സാധ്യമല്ല.

അപേക്ഷ നല്‍കിയ പല ഇരകളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. വീടാകട്ടെ, കടയാകട്ടെ ഇവര്‍ വാടകക്ക് എടുത്തവയുമാണ്. നഷ്ടപരിഹാരം ലഭിക്കേണ്ട യഥാര്‍ഥ വ്യക്തികളെ കണ്ടെത്താനുള്ള ശ്രമം മൂന്ന് വര്‍ഷത്തിന് ശേഷവും കൂടുതല്‍ സങ്കീര്‍ണമാകുന്നു. എന്നാല്‍, ഇക്കാര്യം ക്ലെയിംസ് കമ്മീഷണറുടെ ജോലിയല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്.

വര്‍ഗീയ കലാപത്തിലെ ഇരകള്‍ നമ്മുടെ രാജ്യത്ത് എന്നും അനിശ്ചിതത്വത്തിലാണ്. പൗരന്മാര്‍ തന്നെ പല വഴിക്കും എല്ലാ സംഭവങ്ങളും റെക്കോര്‍ഡ് ചെയ്യുകയോ വീഡിയോ എടുക്കുകയോ ചെയ്യുന്ന ഇക്കാലത്തും ക്രിമിനല്‍ കേസുകളില്‍ വിചാരണയില്ലാത്തതില്‍ ആരും ഉത്തരവാദികളാകാതിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. നഷ്ടപരിഹാരം വൈകുമെന്നും ആരും പ്രതീക്ഷിച്ചുകാണില്ല. വ്യവസ്ഥിതി ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. അതിന് തോന്നുമ്പോള്‍ ശരിയാംവിധം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും യുക്തിഭദ്രമായ ഉപസംഹാരത്തോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മറ്റ് ചില കേസുകളില്‍ ഇരകള്‍ വാതിലില്‍ മുട്ടുമ്പോഴും തുടക്കത്തില്‍ നിന്ന് നീങ്ങിത്തുടങ്ങിയിട്ടുമില്ല. ഒരു വിഭാഗം പൗരന്മാരോടുള്ള വിവേചനപൂര്‍ണമായ സമീപനമാണിത്. മൗലികാവകാശങ്ങളും നിയമവാഴ്ചയും നടപ്പാക്കുന്നത് ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്ന പ്രത്യേക പ്രയോജനമായി മാറുന്നു. പൗരന്മാരെ തുല്യമായി പരിഗണിക്കുന്നുവെന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളിലാണ് പ്രതിഫലിക്കേണ്ടത് എന്ന കാര്യം വ്യവസ്ഥിതി മനസ്സിലാക്കണം. പൗരത്വ ഭേദഗതി, കര്‍ഷക പ്രക്ഷോഭങ്ങളിലെ പോലീസ് കുറ്റപത്രങ്ങളില്‍ ഈ വിവേചനം മുഴച്ചുനില്‍ക്കുന്നത് കാണാം. ജാമ്യം നല്‍കുന്നതിലും നിഷേധിക്കുന്നതിലും ഭരണ- നീതിന്യായ സമീപനത്തിലും ഈ വിവേചനമുണ്ടായിട്ടുണ്ട്.

കടപ്പാട്: ദി വയര്‍ പോർട്ടൽ
വിവർത്തനം: പി എ കബീർ

സുപ്രീം കോടതി അഭിഭാഷകൻ