National
പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി തള്ളി ; വഖഫ് ഭേദഗതി ബില്‍ പാസാക്കി രാജ്യസഭയും
രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടുചെയ്തു
		
      																					
              
              
            ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്‍ പാസാക്കി രാജ്യസഭയും . രാജ്യസഭയില്‍ നടന്ന വോട്ടിംഗില്‍ ബില്ലിനെ 128 പേര്‍ പിന്തുണച്ചപ്പോള്‍ 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസായത്.
പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 1995’എന്നായി മാറും.
വഖഫ് ഭേദഗതി ബില്‍ നേരത്തെ ലോക്‌സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം വകവെക്കാതെയാണ് വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന ‘വഖഫ് ഭേദഗതി ബില്‍ -2025’ ലോക്‌സഭയില്‍ പാസായത്.
ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും 12 മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ലോക്‌സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചര്‍ച്ച രാത്രി വൈകിയും നീണ്ടിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

