Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ് ; യു പിയിലും ഹിമാചലിലും ബി ജെ പിക്ക് അട്ടിമറി ജയം

യു പിയിൽ ആകെയുള്ള പത്ത് ഒഴിവിൽ എട്ട് സീറ്റിലും ബി ജെ പി ജയിച്ചു

Published

|

Last Updated

ന്യൂഡൽഹി | മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങൾ. യു പിയിലും ഹിമാചൽ പ്രദേശിലും ബി ജെ പിക്ക് അട്ടിമറി നേട്ടം. യു പിയിൽ ആകെയുള്ള പത്ത് ഒഴിവിൽ എട്ട് സീറ്റിലും ബി ജെ പി ജയിച്ചു. സമാജ്‌വാദി പാർട്ടിയുടെ രണ്ട് സ്ഥാനാർഥികളാണ് വിജയിച്ചത്. നിലവിലെ കക്ഷിനില പ്രകാരം എസ് പിക്ക് ജയിക്കാൻ കഴിയുമായിരുന്ന ഒരു സീറ്റിലാണ് ബി ജെ പി അട്ടിമറി വിജയം നേടിയത്. ബി ജെ പി എട്ടാം സ്ഥാനാർഥിയെ നിർത്തിയതോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജയ ബച്ചൻ, അലോക് രഞ്ജൻ, രാംജിലാൽ സുമൻ എന്നിവരായിരുന്നു എസ് പി സ്ഥാനാർഥികൾ. സഞ്ജയ് സേഥായിരുന്നു ബി ജെ പിയുടെ എട്ടാം സ്ഥാനാർഥി. ഉത്തർപ്രദേശ് നിയമസഭയിൽ എസ് പിക്ക് 108 എം എൽ എമാരും കോൺഗ്രസ്സിന് രണ്ട് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് എസ് പി അംഗങ്ങൾ ജയിലിലായതിനാൽ വോട്ട് ചെയ്യാൻ സാധിച്ചില്ല. ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. മൂന്നാം സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള അംഗങ്ങളുടെ കുറവ് കൂടാതെ എസ് പിയുടെ ഏഴ് പേർ ക്രോസ്സ് വോട്ട് ചെയ്തതോടെയാണ് എസ് പിയുടെ മൂന്നാം സ്ഥാനാർഥി പരാജയപ്പെട്ടത്. ബി എസ് പിയുടെ ഒരു എം എൽ എയുടെ വോട്ടും ബി ജെ പിക്ക് ലഭിച്ചു.

ഹിമാചൽ പ്രദേശിൽ ഒമ്പത് കോൺഗ്രസ്സ് എം എൽ എമാർ ബി ജെ പി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെ ബി ജെ പി സ്ഥാനാർഥി വിജയിച്ചു. കോൺഗ്രസ്സ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‌വിക്കും ബി ജെ പി സ്ഥാനാർഥി ഹർഷ് മഹാജനും 34 വോട്ടുകൾ വീതം ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബി ജെ പി സ്ഥാനാർഥി ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest