Aksharam Education
മഴക്കാടുകൾ: പച്ചപ്പിന്റെ അത്ഭുതലോകം
ലോകമെമ്പാടും പ്രധാനമായും രണ്ട് തരം മഴക്കാടുകളാണുള്ളത്.
മരങ്ങൾ, കഥകൾ പറയുന്ന പക്ഷികൾ, സംഗീതം പൊഴിക്കുന്ന അരുവികൾ കവിത ചൊല്ലുന്ന മഴക്കാടുകളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഭൂമിയുടെ പച്ചപ്പ് നിറഞ്ഞ, ആയിരക്കണക്കിന് ജീവജാലങ്ങളുടെ വീടാണത്. ഭൂമിയെ ജീവസ്സുറ്റതാക്കുന്ന പ്രകൃതിയുടെ നിധിശാലയാണ് മഴക്കാടുകൾ. ഭൂമിയിലെ മഴക്കാടുകൾ (പ്രത്യേകിച്ച് ആമസോൺ) ‘ഭൂമിയുടെ ശ്വാസകോശം’ എന്നറിയപ്പെടുന്നു. അന്തരീക്ഷത്തിലെ വിഷവാതകമായ കാർബൺ ഡൈ ഓക്സൈഡ് വൻതോതിൽ ആഗിരണം ചെയ്യുകയും പകരം ജീവവായുവായ ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നതുകൊണ്ടാണ് ഇവക്ക് ഈ വിശേഷണം ലഭിച്ചത്. ലോകമെമ്പാടും പ്രധാനമായും രണ്ട് തരം മഴക്കാടുകളാണുള്ളത്.
ഉഷ്ണ മേഖലാ മഴക്കാടുകൾ
ഭൂമധ്യരേഖക്ക് സമീപം കാണപ്പെടുന്നവയാണ് ഉഷ്ണ മേഖലാ മഴക്കാടുകൾ. അവിടെ കാലാവസ്ഥ വളരെ ചൂടുള്ളതാണ്. ഭൂമധ്യരേഖക്ക് വടക്കോ തെക്കോ 28 ഡിഗ്രിയിൽ വളരുന്ന അടഞ്ഞ മേലാപ്പ് വനങ്ങളാണ് ഉഷ്ണ മേഖലാ മഴക്കാടുകൾ. അതായത് വർഷം മുഴുവനും അവയുടെ കാലാവസ്ഥ ചൂടും ഈർപ്പവുമുള്ളതുമായിരിക്കും. ശരാശരി, ഉഷ്ണ മേഖലാ മഴക്കാടുകൾക്ക് പ്രതിവർഷം 200 സെന്റീമീറ്റർ മഴ ലഭിക്കുന്നു. അവയുടെ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഏഷ്യ, ആസ്‌ത്രേലിയ, ആഫ്രിക്ക, തെക്കേ അമേരിക്ക, മധ്യ അമേരിക്ക, മെക്സിക്കോ, നിരവധി പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ ഉഷ്ണമേഖലാ വനങ്ങൾ കാണാം. പ്രകൃതിവിഭവങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാൽ ഉഷ്ണ മേഖലാ മഴക്കാടുകൾ അങ്ങേയറ്റം വംശനാശഭീഷണി നേരിടുന്ന ആവാസ വ്യവസ്ഥകളാണ്.
മിത ശീതോഷ്ണ മഴക്കാടുകൾ
മിതശീതോഷ്ണ മഴക്കാടുകൾ ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ഉള്ള തണുത്ത തീരപ്രദേശങ്ങൾക്ക് സമീപമാണ് കാണപ്പെടുന്നത്. ഭൂമധ്യരേഖക്ക് പുറത്തുള്ള മിതശീതോഷ്ണ മേഖലകളിൽ പ്രത്യേകിച്ച് സമുദ്രത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുന്ന വനങ്ങളാണ് മിത ശീതോഷ്ണ മഴക്കാടുകൾ. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നേരിയ താപനിലയും ഉയർന്ന ഈർപ്പവും ഇവയുടെ പ്രത്യേകതയാണ്. പ്രതിവർഷം 1,400 മുതൽ 5,000 മില്ലീമീറ്റർ വരെ മഴ ലഭിക്കും. വേനൽക്കാലത്ത് തീരദേശ മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെടുന്നു.
വലിയ കോണിഫറസ് മരങ്ങൾ (നിത്യഹരിത മരങ്ങൾ), പായലുകൾ (mosses), ഫേണുകൾ (ferns) എന്നിവ ധാരാളമായി ഇവിടെ വളരുന്നു. വടക്കേ അമേരിക്കയുടെ പസഫിക് തീരങ്ങൾ, തെക്കേ അമേരിക്കയിലെ ചില ഭാഗങ്ങൾ, ന്യൂസിലാൻഡ്, ആസ്‌ത്രേലിയ, യു കെ (സ്‌കോട്ട്്ലാൻഡ്) തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഉഷ്ണ മേഖലാ മഴക്കാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സസ്യങ്ങളുടെ വൈവിധ്യം കുറവാണെങ്കിലും കൂടുതൽ കാർബൺ സംഭരിക്കാനും അപൂർവ ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥയൊരുക്കാനും വലിയ പങ്ക് വഹിക്കുന്നു.
മഴക്കാടുകൾ ജീവജാലങ്ങളാൽ നിറഞ്ഞുനിൽക്കുന്നവയാണ്. ഏറ്റവും വലിയ ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമാണിത്. ഭൂമിയുടെ ആവാസവ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കാൻ ഇവക്ക് കഴിയും. മഴക്കാടുകളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം വനനശീകരണമാണ്. ഓരോ വർഷവും ഏകദേശം 86,991 ചതുരശ്ര മൈൽ മഴക്കാടുകൾ നശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഏറ്റവും വംശനാശഭീഷണി നേരിടുന്ന മഴക്കാടുകൾ പശ്ചിമാഫ്രിക്ക, മധ്യ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ആവാസവ്യവസ്ഥയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മഴക്കാടുകൾ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ മഴക്കാടുകളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
Content Highlights:
Rainforests act as the lungs of the Earth by absorbing vast amounts of carbon dioxide. They are divided mainly into tropical and temperate rainforests depending on their location and climate. Today these rich ecosystems face massive destruction with thousands of square miles lost every year.




